കൊല്ലം: അതിർത്തി തർക്കത്തിന് കാരണമായ മരം മുറിച്ചുമാറ്റാൻ ആവശ്യപ്പെട്ട വാർഡ് മെമ്പറെ ഹെൽമെറ്റിന് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛനും മകനും പൊലീസ് പിടിയിലായി. പാവുമ്പാ വില്ലേജിൽ പാവുമ്പാ തെക്ക് ഏവൂർ ഭവനിൽ സുരേഷ് (52), മകൻ വിഷ്ണു (27) എന്നിവരാണ് പിടിയിലായത്.

അയൽ വീടിന് ഭീഷണിയായി ഇവരുടെ പറമ്പിൽ നിന്ന് വളർന്നുനിൽകുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടതിനാണ് ഗ്രാമപഞ്ചായത്ത് മെമ്പറെ ആക്രമിച്ചത്. വാക്കേറ്റത്തിൽ ഏർപ്പെട്ട അച്ഛനെ സഹായിക്കാനെത്തിയ മകൻ കൈയിലിരുന്ന ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ മെമ്പർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മെമ്പറുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.