കൊല്ലം: ലോക ആരോഗ്യദിനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യം മനുഷ്യന് എന്ന ആശയം ഉയർത്തി ഇന്ന് ഉപാസന ആരോഗ്യപദയാത്ര നടക്കും. മിസ്റ്റർ ഇന്ത്യ സുരേഷ്കുമാർ നേതൃത്വം നൽകുന്ന പദയാത്ര, ഉപാസന ആശുപത്രിയും കൊല്ലം ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷനും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 10.30ന് ആശ്രാമം മുനീശ്വരൻ കോവിലിന് മുന്നിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയിൽ ഡോക്ടർമാർ, നഴ്സുമാർ, കായികതാരങ്ങൾ തുടങ്ങി 500 ഓളം പേർ പങ്കെടുക്കും. പദയാത്ര ഹോട്ടൽ ഷാ ഇന്റർനാഷണൽ, ചിന്നക്കട വഴി ഉപാസന ആശുപത്രിയിൽ സമാപിക്കും. ഇതിനൊപ്പം രാവിലെ 10.30 മുതൽ ആശുപത്രിയിൽ മാതൃ ശിശു വിഭാഗത്തിന്റെയും ഭാവന നഗർ റസിഡന്റ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ ആരോഗ്യ രക്ഷാക്യാമ്പ് നടക്കും. ഗൈനക്കോളജി, പീഡിയാട്രിക്, നിയോനെറ്റോളജി, സൈക്യാട്രിക് വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ സംശയനിവാരണം നടത്തും.

അമ്മമാർക്കും കുട്ടികൾക്കുമുള്ള ഭക്ഷണ ക്രമീകരണത്തെക്കുറിച്ച് ഡയറ്റീഷ്യൻ ക്ലാസെടുക്കും. ആരോഗ്യപരിശോധനയ്ക്കൊപ്പം പോഷക കിറ്റ് വിതരണവും ഉണ്ടാകുമെന്ന് ഉപാസന ആശുപത്രി ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡോ.വി.വി. മനോജ്കുമാർ അറിയിച്ചു.