pic

കൊല്ലം: പ്രീപ്രൈമറി സ്കൂൾ അദ്ധ്യാപരും ആയമാരും മൂന്ന് മാസമായി ജോലി ചെയ്യുന്നത് ശമ്പളമില്ലാതെ. ജനുവരി മുതലാണ് ഓണറേറിയം കിട്ടാതെ വന്നത്.

മാർച്ച് അവസാനം ഒരു മാസത്തെ പകുതി വേതനം ലഭിച്ചതാണ് അല്പം ആശ്വാസമായത്.

സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ 2012 ന് മുമ്പ് നിയമിതരായ അദ്ധ്യാപകർക്കും ആയമാർക്കും മാത്രമാണ് സർക്കാർ ഓണറേറിയമുള്ളത്. എയ്ഡഡ് മേഖലയിലെ സ്കൂളുകളിൽ പി.ടി.എയോ അതാത് മാനേജ്മെന്റോ ആണ് വേതനം നൽകുന്നത്.

1988ലാണ് സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്രീപ്രൈമറി ആരംഭിക്കണമെന്ന് സർക്കാർ തീരുമാനമെടുത്ത്. 30 കുട്ടികളുള്ള സ്കൂളിന് ഒരു ടീച്ചറും ആയയും എന്ന ക്രമത്തിൽ നിയമനവും നടന്നു. ഇതനുസരിച്ച് ജില്ലയിൽ നിരവധി സർക്കാർ സ്കൂളുകളിൽ പ്രീപ്രൈമറി ആരംഭിച്ചു, കാർത്തികപ്പള്ളിയിലെ ഒരു സർക്കാർ സ്കൂളിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത്. 240 കുട്ടികൾ. അവിടെ 7 ടീച്ചർമാരും മൂന്ന് ആയമാരുമുണ്ട്.

കുറഞ്ഞത് 15 കുട്ടികൾ വരെ പഠിക്കുന്ന പ്രീപ്രൈമറി സ്കൂളുകൾ കൊല്ലത്തുണ്ട്. സർക്കാർ സ്കൂളുകളിൽ പ്രീപ്രൈമറി അദ്ധ്യാപകരെ നിയമിക്കുന്നതിന് 2012 ൽ സർക്കാർ വിലക്കേർപ്പെടുത്തി. ഇതിനു ശേഷം നിയമിതരായവർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങളില്ല. സ്കൂൾ പി.ടി.എയാണ് തുശ്ചമായ വേതനം നൽകുന്നത്.

ഫണ്ടില്ല, വേതനം മുടങ്ങി

1. സർക്കാർ അനുവദിച്ച ഫണ്ടിലുണ്ടായ കുറവാണ് ഓണറേറിയം മുടങ്ങാൻ കാരണം

2. ടീച്ചർമാർക്കും ആയമാർക്കും നൽകാനുണ്ടായിരുന്ന കുടിശിക തീർക്കേണ്ടി വന്നു

3. ടീച്ചർമാർക്ക് 1000 വും ആയമാർക്ക് 500 രൂപയും വർദ്ധിപ്പിച്ചത് ഫണ്ടിൽ കുറവ് വരുത്തി

4. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് കൃത്യസമയത്ത് അപേക്ഷ ലഭിക്കാതിരുന്നത് ഫണ്ട് ലഭ്യമാക്കുന്നതിന് തടസമായി

ഓണറേറിയം മുടങ്ങിയ അദ്ധ്യാപകർ - 429

ആയമാർ - 320

ഓണറേറിയം

12 വർഷം കഴിഞ്ഞവർക്ക് (ഇതിന് ശേഷമുള്ളവർക്ക്)

അദ്ധ്യാപകർ - 12,500, (12,000)

ആയ - 7500, (7000)

വേതനം നൽകാനുള്ള നടപടി സർക്കാർ സ്വീകരിച്ചുവരുന്നു. വിഷവുവിന് മുമ്പ് ഓണറേറിയം നൽകും. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന് ഇതു സംബന്ധിച്ച ഫയൽ ഫിനാൻസ് ഡിപ്പാർട്ടുമെൻിലേക്ക് അയച്ചു.

എം. ഹേമലത, സംസ്ഥാന ജന. സെക്രട്ടറി,

കേരളാ പ്രീപ്രൈമറി സ്കൂൾ ടീച്ചേഴ്സ് അസോ.