pho
കാട് കയറി നാശത്തിലേക്ക് നീങ്ങുന്ന കെ.ഐ.പിയുടെ വലത് കരകനാൽ

പുനലൂർ: കല്ലട ഇറിഗേഷന്റെ ഇടത്, വലത്കര കനാലുകൾ കാടുകയറി നശിക്കുന്നു. വേനൽക്കാല കൃഷി ലക്ഷ്യമിട്ട് പണികഴിപ്പിച്ച കനാലുകളാണ് കഴിഞ്ഞ പത്ത് വർഷമായി പുനരുദ്ധാരണ ജോലികൾ ചെയ്യാതെ നശിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധവുമായി ക‌ർഷകർ രംഗത്തെത്തിയിട്ടുണ്ട്. ഇടത്, വലത്കര കനാലുകൾ വഴി ക‌ർഷകർക്കാവശ്യമായ വെള്ളം ലഭിക്കാത്തതിനെതിരെ കർഷകരുടെ നേതൃത്വത്തിൽ കല്ലട ജലസേജന സംരക്ഷണ സമിതി രൂപീകരിച്ച് സമര പരിപാടികൾക്ക് രൂപം നൽകി . അതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് പുനലൂർ മണ്ഡലത്തിലെ ഇടമണിൽ സമര പ്രഖ്യാപന കൺവെൻഷൻ ചേരുമെന്ന് പുനലൂർ നഗരസഭ വൈസ് ചെയർമാനും അഖിലേന്ത്യ കിസാൻ സഭ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ വി.പി.ഉണ്ണികൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .തുടർന്ന് 11ന് കല്ലട ജലസേജന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കെ.ഐ.പിയുടെ കൊട്ടാരക്കര ഓഫീസിലേക്ക് ബഹു ജനമാർച്ചും ധർണയും നടത്തും. സമരപ്രഖ്യാപന കൺവെൻഷൻ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പി.ജയൻ ഉദ്ഘാടനം ചെയ്യും. പി.സ്.സുപാൽ എം.എൽ.എ, സി.അജയപ്രസാദ്, വി.പി.ഉണ്ണികൃഷ്ണൻ തുടങ്ങിയ നിരവധി നേതാക്കൾ സംസാരിക്കും.സംരക്ഷണ സമിതി ഭാരവാഹികളായ എൻ.കോമളകുമാർ, ആർ.മോഹനൻ, എൽ.ഗോപിനാഥൻ പിള്ള തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

714 കോടി രൂപ ചെലവഴിച്ച് നി‌‌ർമ്മിച്ച കനാലുകൾ

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വേനൽക്കാല കൃഷികൾക്കായി 1986ലും 1992ലും 714 കോടി രൂപ ചെലവഴിച്ചായിരുന്നു രണ്ട് കനാലുകളും നിർമ്മിച്ചത്. മൂന്ന് ജില്ലകളിലെ 57,000ത്തോളം ഹെക്ടർ ഭൂമിയിൽ കൃഷി ഇറക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കനാലുകൾ വഴി യഥാ സമയങ്ങളിൽ വെള്ളം ഒഴുക്കാറില്ലെന്നതാണ് പ്രധാന പരാതി. വെള്ളം ഒഴുക്കിയാൽ തന്നെ കനാലുകൾ തകർന്ന് കൃഷി സ്ഥലങ്ങളിലേക്ക് വെള്ളം കയറി കൃഷികൾ നശിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞ കനാലുകളുടെ ഉൾ വശം വൃത്തിയാക്കാനോ, കാടുകൾ നീക്കം ചെയ്യാനോ അധികൃതർ തയ്യാറാകാത്തതാണ് രണ്ട് കനാലുകളുടെയും തകർച്ചക്ക് കാരണം. കനാൽ റോഡുകളും അക്വഡേറ്റുകളും തകരാറിലാണ്. കനാൽ റോഡുകൾ നന്നാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറായാൽ കെ.ഐ.പി തടസ വാദങ്ങളുമായി രംഗത്ത് എത്തുന്നതും പതിവാണ്.

മണലും എക്കലും നിറഞ്ഞ് തെന്മല പരപ്പാർ അണക്കെട്ട്

1986ൽ 700 കോടി രൂപ ചെലവഴിച്ചാണ് തെന്മല പരപ്പാർ അണക്കെട്ടും അനുബന്ധ സ്ഥാപനങ്ങളും പണിതത്. പ്രധാനമായും കാർഷിക മേഖലയ്ക്ക് വെള്ളം ലഭ്യമാക്കാനും ടൂറിസവും ലക്ഷ്യമിട്ടാണ് അണക്കെട്ടും അനുബന്ധ സ്ഥാപനങ്ങളും പണികഴിപ്പിച്ചത്. എന്നാൽ അണക്കെട്ടിനുള്ളിൽ മണലും എക്കലും അടിഞ്ഞു കൂടി സംഭരണ ശേഷി കുറഞ്ഞു. ഇത് നീക്കം ചെയ്യാൻ പല പഠനങ്ങളും നടത്തിയെങ്കിലും തുടർ നടപടികൾ നീണ്ട് പോകുകയാണ്. എന്നാൽ അണക്കെട്ടിൽ ശേഖരിക്കുന്ന വെള്ളത്തിൽ നിന്ന് വൈദ്യുതി ഉത്പ്പാദിപ്പിച്ച ശേഷം കല്ലടയാറ്റിൽ ഒഴുക്കി വിടുകയാണ്. ഒറ്റക്കൽ തടയണയിൽ എത്തുന്ന വെളളം തടഞ്ഞു നിറുത്തുമെങ്കിലും കർഷകരുടെ സൗകര്യാർത്ഥം ഇടത്, വലത്കര കനാലുകൾ വഴി ഒഴുക്കാറില്ല. ഇത് കണക്കിലെടുത്താണ് ക‌ർഷകർ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്.