കരുനാഗപ്പള്ളി: കോഴിക്കോട് മൂത്തേത്ത് കടവിന് ശാപമോക്ഷം. നൂറ്രാണ്ടുകളുടെ പാരമ്പര്യമുള്ള കടവിന്റെ നവീകരണത്തിന് കേരളകൗമുദി വാർത്ത തുണയായി. നാശോന്മുഖമായ കടവ് പുനർനിർമ്മിക്കണമെന്നത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. ഒന്നര നൂറ്റാണ്ടിലേറെ പഴക്കമുള്ള കോഴിക്കോട് മൂത്തേത്ത് കടവ് നാശോന്മുഖമാകുന്നു എന്ന തലക്കെട്ടോടെ കേരള കൗമുദി വാർത്ത നൽകിയിരുന്നു. അതോടെ 6 മാസം മുമ്പ് ഉൾനാടൻ ജലഗതാഗത വകുപ്പാണ് കടവിന് സഹായഹസ്തങ്ങളുമായി എത്തിയത്. 11 ലക്ഷം രൂപാ ചെലവഴിച്ച് കടവ് പൂർണമായും പുനർ നിർമ്മിക്കുകയാരുന്നു. റോഡിൽ നിന്ന് കടവിലേക്ക് ഇറങ്ങുന്നിടത്ത് പടികൾ നിർമ്മിച്ച് കമ്പിവേലി കെട്ടി അപകടമൊഴിവാക്കി. കടവിന്റെ വശങ്ങളിൽ കായൽ തീര സംരക്ഷണ ഭിത്തി നിർമ്മിച്ച് വൃത്തിയാക്കി .ആഴം കൂടുന്നതോടെ കടവ് നാട്ടുകാർക്ക് ഉപയോഗിക്കാനാകും.
ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനം
ശ്രീനാരായണ ഗുരുദേവൻ മൂന്ന് തവണ കോഴിക്കോട് മൂത്തേത്ത് കടവിലെത്തിയിട്ടുണ്ട്. കോഴിക്കോട് കുന്നനഴികത്ത് ശ്രീനാരായണ ഭദ്രാദേവീ ക്ഷേത്രത്തിന്റെ സ്ഥലമെടുപ്പിനും പ്രതിഷ്ഠാ കർമ്മവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമാണ് ഗുരുദേവൻ രണ്ട് പ്രാവശ്യം ഇവിടെ സന്ദർശിച്ചത്. 1894 ജനുവരി മാസം അവസാന വാരത്തിലാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കായി ഗുരുദേവൻ എത്തിയത്. പ്രതിഷ്ഠയ്ക്ക് ശേഷം ഒരു പ്രാവശ്യം കൂടി ഗുരു ഇവിടെയെത്തി തുറയിൽക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്തിരുന്നതായി പഴമക്കാർ പറയുന്നു.
അരനൂറ്റാണ്ടിന് മുമ്പ് വരെ മൂത്തേത്ത് കടവ് കരുനാഗപ്പള്ളിയുടെ പടിഞ്ഞാറൻ ഭാഗത്തെ പ്രധാന വ്യവസായ കേന്ദ്രമായിരുന്നു. കൊല്ലം , ആലപ്പുഴ പോലുള്ള വൻകിട മാർക്കറ്റുകളിൽ നിന്ന് ചരക്കുകൾ കേവ് വള്ളങ്ങളിൽ കൊണ്ട് വന്നിരുന്നത് ഇവിടെയായിരുന്നു. മൂത്തേത്ത് കടവിൽ നിന്നായിരുന്നു പൊന്മന വെള്ളനാതുരുത്ത്, പണ്ടാരതുരുത്ത്, കുറ്രിവട്ടം എന്നിവിടങ്ങളിലേക്ക് ചരക്കുകൾ കൊണ്ട് പോയിരുന്നത്. മത്സ്യത്തൊഴിലാളികളുടെ മത്സ്യ വിപണന കേന്ദ്രം കൂടിയായിരുന്നു മൂത്തേത്ത് കടവ്.
മൂത്തേത്ത് കടവിനെ നവീകരിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഇതിനാവശ്യമുള്ള ഫണ്ട് ഉൾനാടൻ ജലഗതാഗത വകുപ്പിൽ നിന്നാണ് ലഭിച്ചത്. . നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് കടവിനെ കൂടുതൽ മനോഹരമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
മഹേഷ് ജയരാജ്,
കൗൺസിലർ,
കരുനാഗപ്പള്ളി നഗരസഭ: