പത്തനാപുരം : കാറ്റത്ത് വൈദ്യുതി ലൈനിന് മുകളിൽ വീണ മരം മുറിച്ച് മാറ്റാതെ വൈദ്യുതി കടത്തിവിട്ട് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ. പിറവന്തൂർ ഇലക്ട്രിക് സെക്ഷൻ ഓഫീസ് പരിധിയിലാണ് സംഭവം . പുന്നല കടശ്ശേരി ഇലപ്പക്കോട് നിഷ ഭവനിൽ യശോധരന്റെ വസ്തുവിൽ നിന്നിരുന്ന ഇലഞ്ഞിമരം ശക്തമായ കാറ്റിൽ വൈദ്യുതി ലൈനിന് മുകളിൽ വീണു. ഒരാഴ്ചയായിട്ടും മരം മുറിച്ച് മാറ്റാതെയാണ് വൈദ്യുതി കടത്തിവിടുന്നത്. യശോധരൻ ഉൾപ്പെടെ പത്തിലധികം വീട്ടുകാർക്ക് ഇതിലൂടെ വൈദ്യുതി നല്കിയിരിക്കുന്നത് .കെ.എസ്.ഇ.ബി ഉദ്യോസ്ഥരോട് നിരവധി തവണ പറഞ്ഞെങ്കിലും മരം ഉടമ തന്നെ മുറിച്ച് മാറ്റണമെന്ന് പറഞ്ഞതായും ആക്ഷേപമുണ്ട്. എന്നാൽ കെ.എസ്. ഇ .ബി അധികൃതർ വൈദ്യുതി ഓഫ് ചെയ്താൽ മരം മുറിച്ച് മാറ്റാൻ തയ്യാറാണെന്ന് യശോധരൻ പറയുന്നു.