കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൽകര റോഡിലൂടെയുള്ള സഞ്ചാരം ദുരിതം നിറഞ്ഞതാണ്. നിർമ്മാണം തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടെങ്കിലും ഇതുവരെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഗ്രാമീണ ജനവാസമേഖലയായ കിണറ്റിൻകരയിൽ നിന്ന് വിളക്കുടി ഗ്രാമപഞ്ചായത്ത് കാര്യലയത്തിലേക്കും ആശുപത്രിയിലേക്കും വിദ്യാലയങ്ങളിലേക്കും ടൗണിലേക്കും തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും പ്രദേശവാസികൾ ആശ്രയിക്കുന്ന പ്രധാന റോഡിനാണ് ഈ ദുർഗതി. കെ.ബി.ഗണേശ് കുമാർ എം.എൽ.എയുടെ ആസ്തിതി വികസന ഫണ്ടിൽ നിന്ന് 43 ലക്ഷത്തോളം രൂപയാണ് റോഡ് നവീകരണത്തിനായി അനുവദിച്ചത്. ഫണ്ട് അനുവദിച്ച കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായിട്ട് നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു.
വാഹനയാത്ര സാഹസികം
റോഡിന്റെ നിർമ്മാണം ഇതുവരെ എങ്ങും എത്താത്ത അവസ്ഥയാണ്. കഴിഞ്ഞ ഡിസംബറിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ഏകദിന ഉപവാസ സമരവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാറുകാരൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചെങ്കിലും വീണ്ടും ഉഴപ്പിയ മട്ടാണ്. പുനർനിർമ്മാണത്തിനായി ജെ.സി.ബി. ഉപയോഗിച്ച് റോഡിലാകമാനം വരഞ്ഞ് ടാറിംഗ് ഇളക്കിയിട്ടിരിക്കുന്നതിനാൽ വാഹനയാത്ര സാഹസികവും അപകടവും നിറഞ്ഞതാണ്. ഇരുചക്രവാഹന യാത്രികർക്ക് ഇതുവഴിയുള്ള സഞ്ചാരം വെല്ലുവിളിയായി മാറിയിട്ടുണ്ട്. പകൽ സമയങ്ങളിലെ വെയിലിന്റെ കാഠിന്യത്താൽ വാഹനങ്ങൾ പോകുമ്പോഴുള്ള പൊടിശല്യം രൂക്ഷമാണ്. എന്നാൽ വൈകിട്ടുള്ള മഴ മൂലം റോഡിൽ വെള്ളം കെട്ടിക്കിടന്ന് ചെളികുത്തിയ അവസ്ഥയുമാണ്. ഇക്കാരണത്താൽ വ്യാപാരികളും വഴിയാത്രികരും നന്നേ ബുദ്ധിമുട്ടുകയാണ്.
കലുങ്ക് നിർമ്മാണവും പാതിവഴിയിൽ
ശാസ്ത്രി ജംഗ്ഷൻ - കിണറ്റിൻകര റോഡിലെ സപ്ലൈകോയുടെ ഗോഡൗണിന് സമീപത്തുള്ള കലുങ്ക് നിർമ്മാണം ഏറെക്കാലം നീണ്ടു നിന്നെങ്കിയും ഇനിയും പൂർത്തിയായിട്ടില്ല. നിർമ്മാണത്തിലെ പാകപ്പിഴകൾ ചൂണ്ടിക്കാട്ടി വാർഡംഗത്തിന്റെ നേതൃത്വതിൽ നിർമ്മാണം തടയുകയും ചെയ്തിരുന്നു. മഴവെള്ളം ഒഴുക്കി വിടാൻ ഓടകൾ സജ്ജമാക്കാത്തതിനാൽ നിലവിൽ റോഡിലൂടെയാണ് ചെളിവെള്ളം ഒഴുകുന്നത്. ഇത് റോഡിന്റെ തകർച്ച വേഗത്തിലാക്കുന്നു.