കൊല്ലം: മുണ്ടയ്ക്കൽ പാലം- ബീച്ച് റോഡിലെ കുണ്ടിലും കുഴിയിലും വീണ് യാത്രക്കാരുടെ നടുവ് ഉളുക്കിയിട്ടും കാല് ഒടിഞ്ഞിട്ടും അനക്കമില്ലാതെ അധികൃതർ. വാഹനങ്ങൾക്ക് മാത്രമല്ല, കാൽനടയാത്രക്കാർക്ക് പോലും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനങ്ങളുടെ ടയർ ഒരു കുഴിയിൽ നിന്ന് കയറി തൊട്ടടുത്ത കുഴിയിൽ വീഴും. ഇങ്ങനെ റോഡ് കുഴികളുടെ തോരണമായിട്ട് ഒന്നും രണ്ടുമല്ല, വർഷം അഞ്ച് പിന്നിടുകയാണ്.
കൊച്ചുപിലാംമൂട് പാലം അടച്ചതോടെ ബീച്ച്, പള്ളിത്തോട്ടം ഭാഗത്തേക്ക് എത്താനുള്ള ആശ്രയമാണ് ഈ റോഡ്. ഒരുതവണ ഇതുവഴി വരുന്നവർ പിന്നെ, ജന്മത്ത് ഈ റോഡിൽ കയറില്ല. പ്രദേശവാസികൾക്ക് വേറെ വഴിയില്ലാത്തതിനാൽ ഈ ദുരിതം സഹിക്കുന്നുവെന്ന് മാത്രം. മഴയത്ത് വെള്ളം കെട്ടി കുഴി തിരിച്ചറിയാനാകില്ല. പകൽ സമയങ്ങളിൽ സാധാരണ ദിവസം ഒന്നോ രണ്ടോ ബൈക്കുകളെങ്കിലും ഈ റോഡിൽ അടിതെറ്റി വീഴുമെന്ന് നാട്ടുകാർ പറയുന്നു. രാത്രിലും മഴ സമയത്തും വീണ് നടുവും കാലും ഒടിയുന്നവർക്ക് കണക്കില്ല.
തർക്കം തീർന്നു,
ദുരിതം തുടരുന്നു
നാല് വർഷം മുമ്പ് ബീച്ച് മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള ഭാഗം ഉൾപ്പെടുന്ന കല്ലുപാലം മുതൽ കച്ചിക്കടവ് വരെയുള്ള റോഡ് നവീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 25 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നു.
അതനുസരിച്ച്, നവീകരണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴാണ് തടസവാദവുമായി ഉൾനാടൻ ജലഗതാഗത വകുപ്പ് രംഗത്തെത്തിയത്. ദേശീയജലപാതയുടെ ഭാഗമായ കൊല്ലം തോടിന്റെ കരയിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്. ജലപാതയുടെ ഭാഗമായ കരപ്രദേശം കൈയേറി റോഡ് നിർമ്മിക്കുന്നുവെന്നായിരുന്നു ആരോപണം.
ഇരുവകുപ്പുകളും തമ്മിലുള്ള ആ തർക്കം മാസങ്ങൾ നീണ്ടു. ഒടുവിൽ ഉൾനാടൻ ജലഗതാഗത വകുപ്പ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. അപ്പോൾ ആദ്യം അനുവദിച്ച 25 കോടിക്ക് നിർമ്മാണം ഏറ്റെടുക്കാൻ കരാറുകാരൻ വിസമ്മതിച്ചു. പിന്നീട് എസ്റ്റിമേറ്റ് തുക 50 കോടിയായി പുതുക്കിയെങ്കിലും അംഗീകാരം കിട്ടിയില്ല. ഒടുവിൽ അത് 30 കോടിയായി ചുരുക്കി. അപ്പോഴേക്കും തീരദേശ ഹൈവേയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഈ റോഡ് കേരള റോഡ് ഫണ്ട് ബോർഡിന് കൈമാറാൻ ധാരണയായി. തീരദേശ ഹൈവേയുടെ സർവേ പൂർത്തിയായി. പക്ഷെ, നിർമ്മാണം തുടങ്ങാൻ കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും. അതിനിടിയിൽ കുഴികൾ അടയ്ക്കാൻ പോലും കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ ദുരന്തം.
നഗരത്തിൽ വീണ്ടും വഴിമുടക്കം
കൊല്ലം: കല്ലുപാലം നിർമ്മാണത്തിനായി രണ്ട് വർഷത്തിലേറെയായി അടച്ചിട്ടിരിക്കുന്ന ലക്ഷ്മിനട റോഡിൽ വീണ്ടും വഴിമുടക്കം. ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ലക്ഷ്മിനട-ആൽത്തറമൂട് റോഡ് ഇന്ന് മുതൽ അടച്ചിടും. ഇത് ഈ പ്രദേശത്തെ ഗതാഗത പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കും. കല്ലുപാലം നിർമ്മാണത്തിനായി റോഡ് അടച്ചതോടെ പ്രധാന റോഡിലെയും ലക്ഷ്മിനട- അൽത്തറമൂട് റോഡിലെയും സ്ഥാപനങ്ങളിലെ കച്ചവടം കുത്തനെ ഇടഞ്ഞിരുന്നു. പുതിയ നിയന്ത്രണം കൂടി വരുന്നതോടെ കച്ചവട സ്ഥാപനങ്ങൾ കൂടുതൽ പ്രതിസന്ധിയിലാകും. ഒരുമാസത്തേക്കാണ് ലക്ഷ്മിനട- ആൽത്തറമൂട് റോഡ് അടച്ചിടുന്നത്.