ചവറ : കന്നേറ്റി ജംഗ്ഷനിൽ പന്മന സർവീസ് സഹകരണ ബാങ്കിന്റെ എതിർവശത്ത് കേരള ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തീരമൈത്രി പ്രോജക്ടിന് കീഴിൽ ആറു സ്ത്രീകൾ ചേർന്ന് നടത്തുന്ന സീ ലാൻഡ് സീ ഫുഡ് റസ്റ്റോറന്റ് സ്ഥല ഉടമയുടെ നേതൃത്വത്തിൽ പതിനഞ്ചോളം ഗുണ്ടകൾ ചേർന്ന് അടിച്ചുതകർത്തു. 2015 മുതൽ പ്രവർത്തിച്ചു വരുന്ന ഈ സ്ഥാപനം നാഷണൽ ഹൈവേ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റുവാൻ നാഷണൽ ഹൈവേ അതോറിറ്റി കടയുടമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തീരമൈത്രി സൊസൈറ്റി ഹോട്ടൽ നടത്തിപ്പിന് കരാർ എഴുതിയപ്പോഴുള്ള വ്യവസ്ഥകൾ പാലിക്കാൻ സ്ഥലമുടമ വിസമ്മതിച്ചതിനെ തുടർന്ന് തീരമൈത്രി സംഘങ്ങൾ കരുനാഗപ്പള്ളി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും സാമ്പത്തിക ഇടപാടുകൾ പരിഹരിക്കുന്നതുവരെ സ്ഥല ഉടമയുടെ ഭാഗത്തുനിന്ന് അനധികൃതമായ ഒഴിപ്പിക്കൽ തടഞ്ഞുകൊണ്ടുള്ള ഓർഡറും വാങ്ങിയിരുന്നു. കൂടാതെ ഈ സ്ഥാപനത്തിന്റെ മുൻവശം ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പൊളിച്ചു മാറ്റേണ്ടി വരുമെന്നും ദേശീയപാതക്കായി പൊളിച്ചു മാറ്റുന്ന ഭാഗം കഴിഞ്ഞുള്ള മുറികളും അതിനോട് ചേർന്നുള്ള സ്ഥലവും ഹോട്ടൽ തുടർന്ന് നടത്താനോ ദേശീയപാത അധികൃതർ നൽകുന്ന മതിയായ നഷ്ടപരിഹാരം നൽകി വാടക കരാറിലെ വ്യവസ്ഥകൾ പ്രകാരം ഉള്ള സാമ്പത്തിക ഇടപാടുകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് തീരമൈത്രി സൊസൈറ്റിയുടെ നേതൃത്വത്തിൽ തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. കരാർ വ്യവസ്ഥകൾ പാലിച്ച് പരാതി തീർപ്പാക്കുന്നത് വരെ ഹോട്ടൽ നടത്തിപ്പ് തടസപ്പെടുത്തരുതെന്നും കരുനാഗപ്പള്ളി തഹസിൽദാർ ഉത്തരവിട്ടിരുന്നു. ഈ രണ്ട് ഉത്തരവുകൾ നിലനിൽകെ ഇന്നലെ കടയുടമയുടെ നേതൃത്വത്തിൽ പതിനഞ്ചോളം വരുന്ന അക്രമി സംഘങ്ങൾ ഭക്ഷണശാലയിലെ പാചകപ്പുര അടിച്ചുതകർക്കുകയും വനിതാ അംഗങ്ങളെ മർദ്ദിക്കുകയും ചെയ്തു. തീരമൈത്രി സംഘാംഗങ്ങൾ ചവറ പൊലീസിന് പരാതി നൽകി.