corperation

കൊല്ലം: കോർപ്പറേഷൻ കടമുറികളുടെ വാടക നിരക്ക് 10 ശതമാനം കൂട്ടാൻ കൗൺസിൽ യോഗം തീരുമാനിച്ചു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും ഓടകൾ വൃത്തിയാക്കുന്ന പ്രവൃത്തിയും മേയ് 31 ന് മുമ്പ് പൂർത്തിയാക്കുമെന്ന് മേയർ പ്രസന്നാ ഏണസ്റ്റ് പറഞ്ഞു. അംഗങ്ങളുടെ ചർച്ചക്ക് മറുപടി പറയുകയായിരുന്നു മേയർ. ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ തൊഴിലാളികളെ നിയമിക്കും.

ശ്മശാനങ്ങളിൽ കർമ്മങ്ങൾ ചെയ്യുന്നതിനുള്ള സാധനങ്ങൾ വാങ്ങുന്നത് ഉൾപ്പടെയുള്ള തുക 3000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇനി ഓരോന്നിനും പ്രത്യേകം തുക നൽകേണ്ടതില്ല. പ്രകാശനഗരം പദ്ധതിയിൽ 10 മിനി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു.16 എണ്ണം കൂടി സ്ഥാപിക്കും. ഒരു മാസത്തിനകം പദ്ധതി പൂർണ്ണമാകും. ഒരോ ഡിവിഷനിലും 150 വാട്സിന്റെ 100 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ധൃതഗതിയിലാണ്. ഡപ്യൂട്ടി മേയർ കൊല്ലം മധു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ജയൻ, അഡ്വ.ഉദയകുമാർ, അംഗങ്ങളായ ജോർജ്ജ് ഡി.കാട്ടിൽ,ഗിരീഷ്, കുരുവിള ജോസഫ്,​ സജീവ്സോമൻ, സ്റ്റാൻലി എന്നിവർ സംസാരിച്ചു.

ക്രമക്കേടെന്ന്

ആരോപണം

പ്രകാശനഗരം പദ്ധതിയുടെ ഭാഗമായി ഹൈമാസ്റ്റ് ലൈറ്ര് വാങ്ങിയതിന്റെ കരാറിൽ അഴിമതിയുണ്ടെന്ന് യു.ഡി.എഫ് കൗൺസിലർ കുരുവില ജോസഫ് പറഞ്ഞു. 20 ലക്ഷം രൂപയ്ക്ക് 16 ഹൈമാസ്റ്റ് ലൈറ്റ് വാഗ്ദാനം ചെയ്ത സ്വകാര്യ ഏജൻസിയെ അവഗണിച്ച് 10 ലൈറ്റ് മാത്രം വാഗ്ദാനം ചെയ്ത അക്രഡിറ്റഡ് ഏജൻസിയുമായി കരാർ ഒപ്പിട്ടതിന് പിന്നിൽ കോഴ ഇടപാടുണ്ടെന്നായിരുന്നു ആദ്ദേഹത്തിന്റെ ആരോപണം. പോളയത്തോട് ശ്മശാനത്തിൽ സംസ്കാരത്തിനുള്ള ഫീസ് 10 ശതമാനം വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് വിരുദ്ധമായി 500 രൂപ വർദ്ധിപ്പിച്ചതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കുരുവിള ജോസഫ് പറഞ്ഞു.

ബിനാമി സമ്പ്രായം

അവസാനിപ്പിക്കണം

നഗരസഭ അനുവദിച്ച ബങ്കുകൾ യഥാർത്ഥ ലൈസൻസി വൻതുകയ്ക്ക് മറ്റുള്ളവർക്ക് വാടകയ്ക്ക് നൽകുന്ന ബിനാമി സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ് പറഞ്ഞു. നഗരത്തിന്റെ കണ്ണായ സ്ഥലങ്ങളിലെ ബങ്കുകൾക്കും കടമുറികൾക്കും വിപണി മൂല്യത്തിന് ആനുപാതികമായ വാടക നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.