photo
ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാകുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.

64.90 കോടി രൂപയുടെ നി‌ർമ്മാണം

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ 64.90 കോടി രൂപാ ചെലവഴിച്ച് നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടം പൂർത്തിയാകുന്നു. നിലവിലുള്ള പ്രധാന കെട്ടിടത്തിന്റെ മീതേയാണ് പുതിയ മൂന്ന് നില കെട്ടിടം നിർമ്മിക്കുന്നത്. ഇതോടെ ആശുപത്രി 5 നിലകളുള്ള കെട്ടിടമായി മാറും. ഒന്നാം ഘട്ട വികസനങ്ങൾക്ക് 9 കോടി രൂപ ചെലവായതായി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു. കിഫ്ബിൽ നിന്നാണ് പണം അനുവദിച്ചത്. നിർമ്മാണത്തിന്റെ ഒന്നാം ഘട്ടം മേയ് 15 ഓടെ ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കുഴൽ കിണറിന്റെ നിർമ്മാണം കൂടി കഴിഞ്ഞാൽ ഒന്നാം ഘട്ടത്തിന്റെ നിർമ്മാണം പൂർണമാകും.

സുനാമി കെട്ടിടം പൊളിക്കും

17 മാസങ്ങൾ കൊണ്ടാണ് ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായത്. .രണ്ടാം ഘട്ട നിർമ്മാണവും ഇതോടൊപ്പം തുടങ്ങും. രണ്ടാംഘട്ടത്തെ കുറിച്ച് നഗരസഭ അധികൃതർ ഉദ്യോഗസ്ഥ തലങ്ങളിലെ വിദഗ്ധരുമായി ചർച്ച നടത്തി. ഒന്നാം ഘട്ടത്തിൽ നിർമ്മിച്ച കെട്ടിടങ്ങളുടെ പ്രവർത്തനം ആരംഭിക്കുന്നതോടെ നിലവിലുള്ള സുനാമി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വാർഡുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. തുടർന്ന് 17 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച സുനാമി കെട്ടിടം പൊളിച്ച് 8 നിലകളിലുള്ള കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങും. നിലവിലുള്ള മെയിൻ കെട്ടിടത്തിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും വാർഡുകൾ , ഓഫീസ് , ഡിജിറ്റൽ എക്സ് റേ യൂണിറ്റ് എന്നിവയാണ് പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണച്ചുമതല.

9 ഡിപ്പാർട്ട്മെന്റുകൾ

24 ഡോക്ടർമാർ

240 ജീവനക്കാർ

126 താത്ക്കാലിക ജീവനക്കാർ

അവലോകന യോഗം

അത്യാഹിത വിഭാഗം ഉൾപ്പെടെ 9 ഡിപ്പാർട്ട്മെന്റുകളിലായി 24 ഡോക്ടർമാരും 240 ജീവനക്കാരും പണി എടുക്കുന്നു. ഇതിൽ 126 ജീവനക്കാർ താത്ക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് ആശുപത്രി വികസന സമിതിയാണ് ശമ്പളം നൽകുന്നത്. 2000 ഓളം രോഗികൾ ദിനംപ്രതി ചികിത്സ തേടിയെത്തുന്നുണ്ട്. അവലോകന യോഗത്തിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം. ശോഭന, ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൺസ്, കെ .എസ്. ഇ .ബി നിർമ്മാണ വിഭാഗത്തിലെ പ്രിൻസിപ്പൽ കൺസൾട്ടന്റുമാരായ അനിൽകുമാർ, റീന, എക്‌സിക്യൂട്ടീവ് എൻജിനീയർ സുരേഷ് കുമാർ അസിസ്റ്റന്റ് എൻജിനീയർ സിബിയ, പ്രൊജക്ട് എൻജിനീയർ ഉപേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.