highway

കൊല്ലം ജില്ലയിൽ ദേശീയപാത 66 വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തിയാകുന്നു. കൊല്ലം മുതൽ കടമ്പാട്ടുകോണം വരെ 52 ഹെക്ടർ ഇതുവരെ ഏറ്റെടുത്തു. 5 ഹെക്ടർ ഭൂമി കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. 57 ഹെക്ടറാണ് ആകെ ഏറ്റെടുക്കേണ്ടിയിരുന്നത്.

1800 കോടി ഇതുവരെ നഷ്ടപരിഹാരമായി വിതരണം ചെയ്തു. 500 കോടിയാണ് ഇനി നൽകാനുളളത്. രണ്ടു ദിവസത്തിനുളളിൽ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാകും. ഏറ്റെടുത്ത ഭൂമിയിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന വ്യപാര സ്ഥാപനങ്ങൾക്കുളള നഷ്ടപരിഹാര തുക നിശ്ചയിച്ച് വിതരണ നടപടികൾ പുരോഗമിക്കുകയാണ്. 15 വരെ അപേക്ഷ സ്വീകരിക്കും. നഷ്ടപരിഹാരം ലഭിച്ചവർ സ്ഥാപനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ദേശീയ പാത വികസന അതോറിട്ടി അധിക്യതർ പറഞ്ഞു.

സ്ഥലമേറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായതോടെ റോഡിന്റെ വികസന ജോലികൾ ആരംഭിച്ചു. നാനൂറോളം മരങ്ങൾ മുറിച്ചു നീക്കി. പാലങ്ങളുടെ നിർമ്മാണത്തിന്റെ ഭാഗമായി മണ്ണ് പരിശോധന ആരംഭിച്ചു.

# കരട് പട്ടിക പ്രസിദ്ധീകരിച്ചു


ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നതും വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നതുമായ വ്യാപാര സ്ഥാപന ഉടമകളിൽ നിന്ന് ലഭിച്ച അപേക്ഷകളുടെ കരട് പട്ടിക കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂർ സ്‌പെഷ്യൽ തഹസിൽദാർ ഓഫീസുകളിൽ പ്രസിദ്ധീകരിച്ചു. പരാതികൾ 16ന് വൈകിട്ട് 5 വരെ അതത് യൂണിറ്റുകളിൽ സ്വീകരിച്ച ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. പെട്ടിക്കടകൾക്ക് 25,000 രൂപയും വലിയ കടകൾക്ക് (അംഗീകൃതമല്ലാത്തവ) 75,000 രൂപയും നഷ്ടപരിഹാരം നൽകും. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കടകൾ സംബന്ധിച്ച് വ്യാപാരികൾ അതത് വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകി കടകൾ പ്രവർത്തിക്കുന്ന കാലയളവ് സംബന്ധിച്ച സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇത് പരിശോധിച്ച് അർഹരായവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.