കൊല്ലം: തകർന്ന് തരിപ്പണമായ മുണ്ടയ്ക്കൽ പാലം- ബീച്ച് റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. മൂന്ന് തവണ ടെണ്ടർ ചെയ്തിട്ടും നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം ചൂണ്ടിക്കാട്ടിയാണ് കരാറുകാർ ഒഴിയുന്നത്.
കേരള റോഡ‌് ഫണ്ട് ബോർഡ് രണ്ട് മാസം മുൻപാണ് കല്ലുപാലം മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് ആദ്യം ടെണ്ടർ ക്ഷണിച്ചത്. 25 ലക്ഷം രൂപയുടേതാണ് എസ്റ്റിമേറ്റ്. എന്നാൽ ടാർ, മെറ്റിൽ തുടങ്ങിയവയുടെ വില വർദ്ധനവ് കാരണം കരാറുകാർ ആരും ടെണ്ടറിൽ പങ്കെടുത്തില്ല. മൂന്നാമത്തെ ടെണ്ടർ ഇപ്പോൾ നിലനിൽക്കുകയാണ്. പക്ഷേ ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല. പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഇടപെടലുണ്ടാകുന്നില്ല. കാൽനടയാത്ര പോലും സാദ്ധ്യമാവാത്ത അവസ്ഥയിലാണ് ഇപ്പോൾ മുണ്ടയ്ക്കൽ പാലം- ബീച്ച് റോഡ്.
# ഓരോരോ ഗതികേടേ!
കുഴികളിൽ വീണ് കാൽനടയാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമായി. മൂന്ന് വർഷം മുൻപ് കല്ലുപാലം മുതൽ മയ്യനാട് വരെയുള്ള റോഡ് നവീകരണ പദ്ധതിയിൽ ഈ പ്രദേശവും ഉൾപ്പെട്ടിരുന്നതാണ്. അന്ന് ഉൾനാടൻ ജലഗതാഗത വകുപ്പുമായുണ്ടായ അതിർത്തി തർക്കത്തെ തുടർന്ന് നിർമ്മാണം മുടങ്ങി. അന്നത്തെ എസ്റ്റിമേറ്റ് തുകയായ 25 കോടിക്ക് കല്ലുപാലം മുതൽ മുണ്ടയ്ക്കൽ പാലം വരെയുള്ള റോഡ് വികസനം ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. റോഡ് ഇപ്പോഴത്തെ അവസ്ഥയിലായിട്ട് അഞ്ച് വർഷം പിന്നിടുകയാണ്.