കൊട്ടാരക്കര: വേനൽമഴ തകർത്തുപെയ്തു. പെരുംകുളം റോഡ് വീണ്ടും തകർന്നു. നിർമ്മാണ ജോലികൾ പാതിവഴിയിൽ നിൽക്കുമ്പോഴാണ് മഴമൂലം റോഡ് വീണ്ടും തകർച്ചയിലെത്തിയത്. കൊട്ടാരക്കര പെരുംകുളം റേഷൻകടമുക്ക്- മൂഴിക്കോട് റോഡിലാണ് ദുരിതാവസ്ഥ. ഇന്നലെ പെയ്ത മഴയിൽ റോഡിന്റെ മിക്കഭാഗങ്ങളും ഒലിച്ചുപോയി. മാസങ്ങളോളും ചെളിക്കുണ്ടായി ഉഴുതുമറിച്ച കണ്ടംപോലെ കിടന്ന റോഡിന് രണ്ട് മാസം മുൻപാണ് മെറ്റലിംഗ് നടത്തി ടാറിംഗിന്റെ ആദ്യപടി പ്രവർത്തനങ്ങൾ നടത്തിയത്. അതെല്ലാം ഇപ്പോൾ ഇളകിത്തെറിച്ചും ഒലിച്ചുപോയ നിലയിലുമാണ്. കാൽനട യാത്രപോലും പ്രയാസകരമാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്. കൊട്ടാരക്കര- പുത്തൂർ റോഡിനെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന തരത്തിൽ കോട്ടാത്തല മൂഴിക്കോട്-ഇഞ്ചക്കാട് റോഡെന്ന പേരിലാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
ഒന്നര വർഷമായി യാത്രാ ദുരിതം
പെരുംകുളം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് ഒന്നര വർഷത്തിലേറെയായി. റോഡിന്റെ വശങ്ങൾ കെട്ടുന്ന പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ യാത്രാ ദുരിതം തുടങ്ങി. താഴ്ന്ന ഭാഗങ്ങളിൽ മണ്ണിട്ടത് ചെളിക്കുണ്ടായി മാറി മാസങ്ങളോളം തീർത്തും ഗതാഗത തടസമുണ്ടായി. ചെളിക്കുണ്ടായ റോഡ് അതേപടി ഇട്ടിട്ട് കരാറുകാരൻ മറ്റ് റോഡുകൾക്ക് പിന്നാലെ പോയി. തകർന്ന റോഡിലൂടെ സാഹസിക യാത്ര ചെയ്തവരൊക്കെ അപകടത്തിൽപ്പെട്ടു. രണ്ട് മാസംകൊണ്ട് 52 അപകടങ്ങളുണ്ടായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വലിയ പ്രതിഷേധങ്ങളെ തുടർന്നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ടതും മുടങ്ങിക്കിടന്ന റോഡ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. ഉദ്യോഗസ്ഥരുടെ ഗൗരവമായ വീഴ്ചയും കരാറുകാരന്റെ അനാസ്ഥയുമൊക്കെ നാട്ടുകാരെയാണ് ബുദ്ധിമുട്ടിച്ചത്. വാഹനങ്ങളിൽ ഇതുവഴി പോകാൻ കഴിയാതെ വിഷമിക്കുകയാണ് നാട്ടുകാർ.