തൊടിയൂർ: സഹപാഠികളായ വിദ്യാർത്ഥിനികളുടെ ചുമലിലേറി ക്ലാസ് റൂമിലേയ്ക്ക് പോകുന്ന അലിഫ് മുഹമ്മദിന് സഞ്ചരിക്കാൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് മുച്ചക്ര വാഹനം നൽകും. ജന്മന ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത
അലിഫ്, ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ദേവസ്വം ബോർഡ് കോളേജിലെ അവസാന വർഷ ബി.കോം വിദ്യാർത്ഥിയാണ്. സഹപാഠികൾ ചുമലിലേറ്റിയാണ് എല്ലാ ദിവസവും അലിഫ് ക്ലാസിൽ എത്തിച്ചിരുന്നത്. ഇതിന് ആൺ പെൺ വ്യത്യാസമുണ്ടായിരുന്നില്ല.
കോളേജിലെ വിദ്യാർത്ഥിനികളായ അർച്ചനയും ആര്യയും ചേർന്ന് അലിഫിനെ തോളിലേറ്റി ക്ലാസ് റൂമിലേയ്ക്ക് കൊണ്ടു പോകുന്നത് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ മൈനാഗപ്പള്ളി സ്വദേശി ജഗത്ത് തുളസീധരൻ പകർത്തി ചിത്രവും വാർത്തയും നവ മാധ്യമങ്ങളിൽ ഉൾപ്പടെ വൻതരംഗമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ആര്യാടൻ ഷൗക്കത്ത് അലിഫിനെ നേരിൽ കാണാൻ ഇന്നലെ നിലമ്പൂരിൽനിന്ന് അലിഫിന്റെ മാരാരിത്തോട്ടത്തെ വസതിയിൽ എത്തുകയായിരുന്നു. ആധുനിക രീതിയിലുള്ള മുച്ചക്രവാഹനം പത്ത് ദിവസത്തിനകം അലിഫിന് നൽകും. സി.ആർ.മഹേഷ് എം.എൽ.എ, എസ്.എം ഇക്ബാൽ, ഹെബിപാപ്പച്ചൻ, വൈ.ഷാജഹാൻ, ഹാഷിംസുലൈമാൻ, കോളേജ് യൂണിയൻ ചെയർമാൻ ആഷിഷ്,
ദിനേഷ്ബാബു, നിധിൻ, ജഗത്ത് തുളസീധരൻ, അർച്ചന, ആതിര എന്നിവരും ഹോണ്ട കമ്പനിയുടെ പ്രതിനിധിയും എത്തിയിരുന്നു.