photo
കന്നേറ്റി പള്ളിക്കലാറിലെ തകർച്ച നേരിടുന്ന സംരക്ഷണ ഭിത്തി

കരുനാഗപ്പള്ളി : വർഷങ്ങളായി തകർച്ച നേരിടുന്ന കായൽതീര സംരക്ഷണ ഭിത്തി പുനർ നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് ശക്തിയേറുന്നു. ശ്രീനാരായണ ട്രോഫി ജലോത്സവം അരങ്ങേറുന്ന കന്നേറ്റി പള്ളിലാറിന് പടിഞ്ഞാറ് ഭാഗത്തെ തീരസംരക്ഷണ ഭിത്തിയാണ് തകർച്ചയെ നേരിടുന്നത്.

ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ മേൽനോട്ടത്തിൽ ഒന്നര പതിറ്റാണ്ട് മുമ്പാണ് തീര സംരക്ഷണ ഭിത്തി നിർമ്മിച്ചത്. ചന്തക്കായൽ മുതൽ തെക്കോട്ട് ചങ്കേത്ത് കടവ് വരെ ഒന്നര കിലോമീറ്രറോളം നീളത്തിലായിരുന്നു കരിങ്കൽ ഭിത്തിയുടെ നിർമ്മാണം. സംരക്ഷണ ഭിത്തി പൂർത്തിയായി 15 വർഷമായിട്ടും അധികൃതർ അറ്രകുറ്റപ്പണികൾ നടത്തിയില്ലെന്നതാണ് ഇപ്പോഴത്തെ പ്രശ്നം.

ജില്ലാ ടൂറിസം വകുപ്പിന്റെ ബോട്ട് ടെർമിനലും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ബോട്ടുകളും യന്ത്രങ്ങൾ ഘടിപ്പിച്ച വള്ളങ്ങളും കായലിലൂടെ കടന്ന് പോകുമ്പോഴുണ്ടാകുന്ന ശക്തമായ തിരമാലകൾ സംരക്ഷണ ഭിത്തിയിൽ വന്നടിച്ച് ബലക്ഷയം വന്നിട്ടുണ്ട്.

കരിങ്കൽ കൊണ്ടുള്ള ഭിത്തി ശാസ്ത്രീയമായല്ല നിർമ്മിച്ചതെന്ന

ആക്ഷേപം തുടക്കത്തിലേ തന്നെ ഉയർന്നിരുന്നു. എന്നാൽ,​ ബന്ധപ്പെട്ട അധികൃതർ ഇതൊന്നും കാര്യമാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു.

കായലിന്റെ അടിത്തട്ടിൽ നിന്ന് പാറ അടുക്കി ഉപരി ഭാഗം കോൺക്രീറ്റ് ചെയ്യുന്ന രീതിയാണ് സംരക്ഷണ ഭിത്തിയുടെ നിർമ്മാണത്തിന് ഇവിടെ അവലംബിച്ചത്. കായലിന്റെ അടിത്തട്ടിൽ നിന്ന് കോൺക്രീറ്റ് ചെയ്‌ത് ഉയർത്തി നിർമ്മിച്ച് ബെൽറ്റ് വാർത്തിരുന്നെങ്കിൽ ഇത്രയും വേഗത്തിലും ഗുരുതരവുമായ തകർച്ച ഉണ്ടാകുകയില്ലെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

സംരക്ഷണഭിത്തി തകരാൻ തുടങ്ങിയതോടെ കായലിന്റെ തീരം ഇടിഞ്ഞ് കായലിലേക്ക് വീഴുന്നത് പതിവായി. ഇതോടെ കരയിടിച്ചിൽ വ്യാപകമായി.

മണ്ണിടിച്ചിൽ തടയണമെങ്കിൽ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി

ശാസ്ത്രീയമായി പുതിയത് നിർമ്മിക്കേണ്ടിവരും. ഇതിന് ആവശ്യമായ

ഇടപെടൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.

.........................................................................

കായൽതീര സംരക്ഷണത്തിൽ ശക്തമായ ഭിത്തി അനിവാര്യമാണ്. കായതീരം സംരക്ഷിക്കേണ്ടത് അത്യാവശ്യവുമാണ്. നിലവിലെ കരിങ്കൽ ഭിത്തിക്ക് പകരം ശാസ്ത്രീയമായ രീതിയിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുകയാണ് വേണ്ടത്. ഉൾനാടൻ ജലഗതാഗത വകുപ്പ് ഇതിനുള്ള പണം കണ്ടെത്തുകയും വേണം.

കരുമ്പാലിൽ സദാനന്ദൻ,

പൊതു പ്രവർത്തകൻ