കൊല്ലം: പൈപ്പ് ലൈൻ സ്ഥാപിക്കാനായി വെട്ടിക്കുഴിച്ച അയത്തിൽ- ചെമ്മാൻമുക്ക് റോഡ് നാടിന് ബാദ്ധ്യതയാവുന്ന അവസ്ഥ. കണ്ണൊന്നു തെറ്റിയാൽ ചെളിക്കുണ്ടിൽ വീഴ്ത്തുന്ന റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ മെനക്കെടുന്നുമില്ല.
തുടർച്ചയായി പെയ്യുന്ന മഴയിൽ ചെളി നിറഞ്ഞ പാതയിലൂടെയുള്ള യാത്ര തീർത്തും ദുഷ്കരമായി. ഇരുചക്ര വാഹനയാത്രക്കാർ ചെളിയിൽ തെന്നി അപകടത്തിൽപ്പെടുന്നത് പതിവാണ്. വിമല ഹൃദയ സ്കൂൾ മുതൽ അയത്തിൽ വരെ രണ്ടര കിലോമീറ്റർ ദൂരം ചെളി നിറഞ്ഞു കിടക്കുകയാണ്. നഗരത്തിൽ കുടിവെള്ളം എത്തിക്കാനുള്ള ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് റോഡിന്റെ മദ്ധ്യഭാഗം കുഴിച്ച് പൈപ്പുകൾ സ്ഥാപിച്ചത്. പിന്നീട് മണ്ണിട്ട് മൂടിയെങ്കിലും വേണ്ടവിധം ഉറപ്പിച്ചില്ല. ഒരാഴ്ചയായി പെയ്യുന്ന കനത്ത മഴയിൽ മണ്ണ് മൂടിയ ഭാഗം ചെളിക്കെട്ടായി മാറുകയായിരുന്നു. ഒരടിയോളം കനത്തിലാണ് പലേടത്തും റോഡിൽ ചെളി നിറഞ്ഞു കിടക്കുന്നത്.
റോഡരികിലെ വ്യാപാര സ്ഥാപനങ്ങളെല്ലാം പ്രതിസന്ധിയിലാണ്. തുറന്നാൽ കടകളിൽ ചെളി അടിച്ചുകയറും. കൊല്ലം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാതയായതിനാൽ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. എസ്.എസ്.എൽ.സി, പ്ളസ് ടൂ പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ഈ റോഡിലൂടെയാണ് സഞ്ചരിക്കേണ്ടത്.
.................................
ഒരുപാട് നാളായി സഹിക്കുന്നു. വേനലായാൽ പൊടിശല്യം. പൊടി ശ്വസിച്ച് നിരവധിയാളുകൾ രോഗികളായി. നടന്നു പോലും പോകാൻ പറ്റാത്ത സാഹചര്യം. നല്ല വസ്ത്രം ധരിച്ച് റോഡിലൂടെ പോകാനാവില്ല. ചെളി മൂടിക്കിടക്കുന്നതു കാരണം കുഴി അറിയാതെ ഇരുചക്ര വാഹനങ്ങൾ റോഡിൽ വീഴുന്നു
മോഹൻകുമാർ, നിത്യപ്രഭ നഗർ