bahir-

വികസിച്ചുകൊണ്ടിരിക്കുന്ന ടൂറിസം മേഖലയാണ് ബഹിരാകാശം. ഫിസിക്സ് വിദ്യാർത്ഥിയും 18 വയസുകാരനുമായ ഡെച്ചുകാരൻ ഒലിവർ ഡെമൻ ആണ് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ സഞ്ചാരി. അമേരിക്കൻ വൈമാനികയും വാണിജ്യ ബഹിരാകാശ സഞ്ചാരിയുമായ 82 കാരി മേരിവാലസ് ആണ് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി. അമേരിക്കൻ ശതകോടീശ്വരനും ആമസോണിന്റെയും മറ്റും സ്ഥാപകനുമായ ജെഫ് ബെസോസിനൊപ്പമായിരുന്നു യാത്ര.

ബഹിരാകാശ നിലയത്തിലെ 8 ദിവസത്തെ താമസം ഉൾപ്പെടെ 10 ദിവസത്തെ യാത്രയ്ക്ക് ഒരു ടിക്കറ്റിന് ഏകദേശം 418 കോടി രൂപ കൊടുക്കണം. ടെസ്‌ലയുടെ എലോൺ മസ്ക് നടത്തുന്ന സ്പേസ് എക്സിനു പുറമേ റിച്ചാർഡ് ബോൻസണിന്റെ വിർജിൻ ഗാലക്സിക്കും ബഹിരാകാശ ടൂറിസം മേഖലയിൽ വേരുറപ്പിച്ചു കഴിഞ്ഞു. ഇപ്പോൾത്തന്നെ വിർജിൻ ഗാലക്സിന്റെ 600 ഓളം ടിക്കറ്റ് വിറ്റുകഴിഞ്ഞു. 418 കോടി രൂപ വീതം കൊടുത്ത മൂന്നുപേർ അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് സംരംഭകനായ ലാറി കോണർ, കനേഡിയൻ ഇൻവെസ്റ്റ്മെന്റ് തലവനായ മാർക്ക് പാത്തി, ഇസ്രായേൽ നിക്ഷേപകൻ എയ്റ്റൻ സ്റ്റിബെ എന്നിവരാണ്.

കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 8.47 ന് സ്പെയ്സ് എക്സ് ഫാൽക്കൺ 9 റോക്കറ്റിൽ 10 ദിവസത്തെ ബഹിരാകാശ യാത്രയ്ക്ക് ഫ്ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഇവർ യാത്ര തിരിച്ചു. ഏപ്രിൽ 6ന് നടത്താനിരുന്നതാണ് ആക്സ് ഒന്ന് ദൗത്യം. ചന്ദ്രനിലും ചൊവ്വയിലും അതിനപ്പുറവും മനുഷ്യനെ എത്തിക്കാൻ രൂപകല്പന ചെയ്ത ആർട്ടെമിസ്-1 ന്റെ പരീക്ഷണ ഘട്ടത്തിലുണ്ടായ ചില പിഴവുകൾ മൂലമാണ് ദൗത്യം ഏപ്രിൽ 8 ലേക്ക് മാറ്റിയത്. മുൻ നാസ ബഹിരാകാശ യാത്രികനായ മൈക്കൽ ലോപ്പസാണ് ആക്സ് ഒന്നിന്റെ കമാൻഡർ. ഈ നാൽവർ സംഘം ബഹിരാകാശ നിലയത്തിൽ ശാസ്ത്രീയ ഗവേഷണം, വാണിജ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും.

 ലക്ഷ്യം സ്വകാര്യ ബഹിരാകാശ നിലയം

ഭാവിയിൽ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ ഒരു സ്വകാര്യ ബഹിരാകാശ നിലയം പണിയുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇത് ആഗോളതലത്തിൽ വിദ്യാഭ്യാസ, വാണിജ്യ കേന്ദ്രമായി പ്രവർത്തിപ്പിക്കും. കൈയിൽ കോടിക്കണക്കിന് രൂപ ബഹിരാകാശ യാത്രയ്ക്ക് മുടക്കാൻ ഇല്ലാത്തവരെ സഹായിക്കാൻ ആർട്ടെമിസ്-1 തയ്യാറാണ്. പുരാണ ഗ്രീക്ക് ദേവത അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആർട്ടെമിസ്. 1972 ലെ അപ്പോളോ 17 നു ശേഷം യു.എസ് ബഹിരാകാശ ഏജൻസിയുടെ ആദ്യത്തെ ചാന്ദ്രദൗത്യമാണ് ആർട്ടെമിസ്-ഒന്ന്. ആർട്ടെമിസിനെ കുറിച്ചുള്ള വിശദവിവരങ്ങൾ അടുത്ത ഞായറാഴ്ച.

ഡോ. വിവേകാനന്ദൻ പി. കടവൂർ