ഓച്ചിറ: ദിവസേന ഇന്ധന വില വർദ്ധിപ്പിച്ച് മോദി സർക്കാർ പകൽക്കൊള്ള നടത്തുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ അഭിപ്രായപ്പെട്ടു. ഇന്ധന, പാചകവാതക വില വർദ്ധനയ്ക്കെതിരെയുള്ള സി.പി.ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഓച്ചിറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓച്ചിറ കാർത്തിക ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി പോസ്റ്റാഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കടത്തൂർ മൻസൂറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ്ണയിൽ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ, ആർ.സോമൻ പിള്ള എന്നിവർ സംസാരിച്ചു. ആർ.ഡി. പത്മകുമാർ, കെ.രവീന്ദ്രൻ പിള്ള, പി.കെ. വാസുദേവൻ, കെ.പി. വിശ്വവത്സലൻ, പി.കെ.രാജൻ,വി. സുഗതൻ, കടമ്പാട്ട് ഗോപാലകൃഷ്ണൻ , മുഹമ്മദ് കുഞ്ഞ്, സരസ്വതി അമ്മ, ഗേളി ഷൺമുഖൻ, കെ.ജി. സന്തോഷ്,നൗഷാദ്, അബ്ദുൾ ഖാദർ, പി. സുഗതൻ പിള്ള,ഡിക്സൺ, മുരളീധരൻ, ആർ.ശരവണൻ, ഗീതാകുമാരി, ശ്രീലത പ്രകാശ്, സുചേത, സിന്ധു, ഷൈലജ, അംബുജാക്ഷി എന്നിവർ നേതൃത്വം നൽകി.