കൊല്ലം: മയ്യനാടിനെയും പരവൂരിനെയും ബന്ധിപ്പിച്ച് പരവൂർ കായലിൽ പുതിയ പാലം എന്ന അര നൂറ്റാണ്ട് പഴക്കമുള്ള ആവശ്യം ഫയലുകളിൽ നിന്നു പുറത്തേക്കിറങ്ങുന്നു. പാലത്തിന്റെ സാദ്ധ്യതാ പഠനത്തിനുള്ള എസ്റ്റിമേറ്റിന് അംഗീകാരം തേടി പൊതുമരാമത്ത് വകുപ്പ് സർക്കാരിനെ സമീപിച്ചു.
മയ്യനാട് പുല്ലിച്ചിറ- കാക്കോട്ടുമൂല റോഡിനെയും പരവൂർ കുറുമണ്ടലിനെയും ബന്ധിപ്പിക്കുന്ന റെയിൽവേ ഓവർബ്രിഡ്ജിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനാണ് ആലോചന. ഈ പാലം വന്നാൽ കൊല്ലം നഗരത്തിൽ നിന്നു പരവൂരിലേക്കും തിരിച്ചുമുള്ള യാത്രയുടെ ദൂരവും സമയവും കുറയും. നിലവിൽ ചാത്തന്നൂർ തിരുമുക്ക് റോഡ് വഴി കൊല്ലത്ത് നിന്നു പരവൂരിലെത്താം. ഇതിന് പുറമേ തീരദേശ റോഡുമുണ്ട്. പരവൂർ കായലിൽ പാലം വന്നാൽ യാത്ര വീണ്ടും എളുപ്പമാകും. താന്നി വഴിയുള്ള തീരദേശ റോഡിനെ എല്ലാക്കാലവും ആശ്രയിക്കാനുമാകില്ല. മഴക്കാലത്ത് താന്നിക്കായലിൽ ജലനിരപ്പ് ഉയർന്ന് വീടുകളിലേക്ക് വെള്ളം കയറുമ്പോൾ താന്നിയിലെ പൊഴിക്ക് മുകളിലൂടെയുള്ള റോഡ് മുറിക്കും. പിന്നെ രണ്ടാഴ്ചയെങ്കിലും ഇവിടെ ഗതാഗതം മുടങ്ങാറുണ്ട്.
 ടോക്കൺ തുകയുണ്ട്
കഴിഞ്ഞ രണ്ട് ബഡ്ജറ്റുകളിലും മയ്യനാടിനെയും പരവൂരിനെ ബന്ധിപ്പിക്കുന്ന പാലത്തിന് ടോക്കൺ തുക അനുവദിച്ചിരുന്നു. 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആയതിനാലാണ് സർക്കാരിന്റെ അനുമതി തേടേണ്ടി വന്നത്. 20 ലക്ഷം വരെയുള്ള സാദ്ധ്യതാ പഠനത്തിന്റെ എസ്റ്റിമേറ്റുകൾക്ക് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർക്ക് അനുമതി നൽകാം.
..............................
നൂറുകണക്കിന് പേരാണ് മയ്യനാട് നിന്നു പരവൂരിലേക്കും തിരിച്ചും ജോലികൾക്കായി പോകുന്നത്. ഇരു സ്ഥലങ്ങളെയും ബന്ധിപ്പിച്ചാൽ ഇവർക്ക് വലിയ ആശ്വാസമാകും. ടൂറിസം സാദ്ധ്യതയും വർദ്ധിക്കും. എത്രയും വേഗം ഈ പാലം യാഥാർത്ഥ്യമാക്കണം
ആർ.എസ്. അബിൻ, മയ്യനാട് പഞ്ചായത്തംഗം