കരുനാഗപ്പള്ളി: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ച റോഡ് കാലവർഷമെത്തും മുമ്പ് ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ 16-ം ഡിവിഷനിലുള്ള കയർ ഫാക്ടറി - കന്നേറ്റി ശ്രീനാരായണ ബോട്ട് ടെർമിനൽ വരെയുള്ള റോഡാണ് ടാറിംഗിനായി കാത്തു കിടക്കുന്നത്.
കാൽനട യത്രപോലും ദുഷ്ക്കരം
റോഡിന്റെ വശങ്ങളിൽ ഓടയുടെ നിർമ്മാണം പൂർത്തിയായി. റോഡ് ഉയർത്തി നിർമ്മിക്കുന്നതിന്റെ ഭാഗമായി മെറ്റിൽ വിരിച്ച് ഉയർത്തിയിട്ട് മാസം ആറ് കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. കൂർത്ത മെറ്റിലിന് മുകളിലൂടെ കാൽനട യത്ര പോലും ദുഷ്ക്കരമാണ്. ഇതുവരെയും ടാറിംഗ് ജോലികൾ ആരംഭിച്ചിട്ടില്ല. കാലവർഷം ആരംഭിച്ചാൽ പിന്നെ ടാറിംഗ് ജോലികൾ നടക്കില്ല.
14 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം
ദൈർഘ്യം 400 മീറ്റർ
എം.എൽ.എ ഫണ്ട്
ദേശീയപാതയോട് ഏറ്റവും അടുത്തുള്ള ഈ റോഡിന്റെ ദൈർഘ്യം 400 മീറ്ററാണ് . കരുനാഗപ്പള്ളി മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 14 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. റോഡിന്റെ നിർമ്മാണം കാലവർഷത്തിന് മുമ്പ് പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.