vkcet-news-photo

കൊല്ലം: വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾക്ക് ഇനി എട്ടാം സെമസ്റ്റർ കഴിഞ്ഞ് ആറുമാസത്തിനകം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷന്റെ (ഐഐഐസി) പി.ജി ഡിപ്ലോമ കൂടി നേടാം. ഇതിനായി കേരള സർക്കാർ സ്ഥാപനമായ ഐ.ഐ.ഐ.സിയുമായി ധാരണാപത്രം ഒപ്പുവച്ചു.
മികച്ച പഠനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികൾക്ക് അഞ്ചാം സെമസ്റ്ററിന്റെ തുടക്കത്തോടെ ഐ.ഐ.ഐ.സിയിലെ വിവിധ കോഴ്‌സുകളിൽ പ്രവേശനം നേടാം. എട്ടാം സെമസ്റ്റർ പൂർത്തിയായാൽ ആറുമാസത്തിനുള്ളിൽ തൊഴിലിടങ്ങളിൽ നിന്ന് ലഭിച്ച പരിശീലന പരിചയത്തോടെയുള്ള പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ലഭിക്കുന്ന രീതിയിലാണ് കോഴ്‌സ്. പഠനകാലത്തെ പ്രോജക്ട്,​ ഇന്റേൺഷിപ്പ് എന്നിവയ്ക്ക് പൂർണ സഹായം ഐ.ഐ.ഐ.സി.യിൽ നിന്ന് ലഭ്യമാകും. വിദ്യാർത്ഥികൾക്കു്പുറമെ കോളേജിലെ അദ്ധ്യാപകരടക്കമുള്ള ജീവനക്കാർക്കും പരിശീലനത്തിൽ പങ്കെടുക്കാം.
ഐ.ഐ.ഐ.സി ഡയറക്ടർ പ്രൊഫ. ഡോ. സുനിൽകുമാറും വലിയ കൂനമ്പായിക്കുളത്തമ്മ എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബെന്നി ജോസഫുമാണ് ധാരണാപത്രം ഒപ്പുവച്ചത്. വി.കെ.സി.ഇ.ടി സിവിൽ വിഭാഗം മേധാവി കൃഷ്ണ.എസ്.രാജ്, മെക്കാനിക്കൽ വിഭാഗം മേധാവി ഇ.എസ്. ചന്തു, ഐ.ഐ.ഐ.സി മെക്കാനിക്കൽ വിഭാഗം മേധാവി ഹാരീസ്‌മോൻ, സ്‌കിൽ അസോസിയേറ്റ് പ്രൊഫ. എസ്.അനുപ, സ്‌കിൽ അസി. പ്രൊഫസർ അഞ്ജന, സീനിയർ മാനേജർ രാജീവൻ എന്നിവർ സന്നിഹിതരായിരുന്നു.