കൊട്ടാരക്കര: കരീപ്ര തളവൂർക്കോണം പാട്ടുപുരയ്ക്കൽ ഏലായിൽ കൊയ്യാറായ 75 ഏക്കറോളം നെൽക്കൃഷി മഴയും കനാൽ വെള്ളവും മൂലം നശിക്കുന്നു. കർഷകർ ലോണെടുത്തും പലിശക്കെടുത്തും കടംവാങ്ങിയും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നെൽക്കൃഷിയാണ് ഇവിടെ നശിക്കുന്നത്. ഏകദേശം 12 ഏക്കറോളം നെൽക്കൃഷി നശിച്ചതായി പാടശേഖര സമിതി ഭാരവാഹികൾ അറിയിച്ചു. ബാക്കി ഭാഗത്തെ നെൽച്ചെടികൾ വെള്ളത്തിലാണ്. അപ്രതീക്ഷിതമായി പെയ്ത മഴയും കെ.ഐ.പി കനാൽ തുറന്നുവിട്ടതും നെൽക്കൃഷിക്ക് ദോഷമായി. കൂടാതെ ഏലാക്ക് മദ്ധ്യഭാഗത്തുകൂടി കടന്നു പോകുന്ന തോട് മണ്ണിറങ്ങി മൂടിയ അവസ്ഥയിലാണ്. തോട് അടിയന്തരമായി തെളിച്ച് കർഷകരെ കൃഷിനാശത്തിൽ നിന്ന് സംരക്ഷിക്കണമെന്ന് ബന്ധപ്പെട്ടവരോട് പലപ്പോളും പരാതിപ്പെടാറുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. തോട് 3 കിലോമീറ്ററോളം ഭാഗം മണ്ണിറങ്ങി കിടക്കുന്നതിനാൽ നെൽകൃഷിക്കിടയിലൂടെയാണ് വെള്ളം പരന്നൊഴുകുന്നത്.കൃഷി വകുപ്പോ, ഗ്രാമ പഞ്ചായത്തോ ഇടപെട്ട് നെൽകർഷകരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ഏലാസമിതി സെക്രട്ടറി ബി.ചന്ദ്രശേഖരൻ പിള്ള ആവശ്യപ്പെട്ടു.