arrest

കൊല്ലം: സി.സി മുടങ്ങിയതിന് ഡ്രൈവറെ ആക്രമിച്ച് ഓട്ടോറിക്ഷ തട്ടിയെടുത്ത സംഘത്തിലെ രണ്ടാമനെയും പാരിപ്പള്ളി പൊലീസ് പിടികൂടി. കല്ലമ്പലം തോട്ടക്കാട്, വെട്ടിമാൻ കോണം, രമണി വിലാസത്തിൽ ജ്യോതിഷാണ് (28) പിടിയിലായത്.

കഴിഞ്ഞമാസം 18ന് പാരിപ്പള്ളി മെഡിക്കൽ കോളേജിന് സമീപത്തെ സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ച ഓട്ടോയാണ് തട്ടിയെടുത്തത്. കല്ലമ്പലത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം കടമെടുത്ത് വാങ്ങിയ ഓട്ടോയുടെ തവണ മുടങ്ങിയതിനെ തുടർന്ന് പ്രതിയുൾപ്പെട്ട സംഘം, ഓട്ടോയിൽ കയറി മൈലാടുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവറെ ആക്രമിച്ച് ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ പരാതിയിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിൽ കവർച്ചയ്ക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് ജ്യോതിഷിനെ പിടികൂടിയത്. സംഘത്തിലുൾപ്പെട്ട കല്ലമ്പലം പുല്ലൂർമുക്ക് സുനിൽ നിവാസിൽ റീബു കല്ലമ്പലത്ത് നിന്ന് നേരത്തെ പിടിയിലായിരുന്നു. സമീപത്തെ ക്ഷേത്രത്തിന് പിന്നിൽ ഒളിപ്പിച്ച ഓട്ടോറിക്ഷ പൊലീസ് കണ്ടെടുത്തിരുന്നു.