ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായിൽ ബണ്ടു പൊട്ടി 1500 ഏക്കറോളം വിസ്തൃതിയുള്ള പുഞ്ചപ്പാടം മുങ്ങി. രണ്ടു ദിവസമായി ഉച്ചയ്ക്ക് ശേഷം പെയ്യുന്ന മഴയാണ് വിനയായത്.
പോളച്ചിറ ഏലായിൽ ഈ വർഷം ഏലാ കർഷക സമിതിയോ കർഷകരോ നെൽകൃഷി നടത്തിയിരുന്നില്ല. കാലം തെറ്റി വെള്ളം വറ്റിച്ചതിനാൽ സ്ഥിരമായി കൃഷി ചെയ്യുന്ന കർഷകർ വിട്ടു നിൽക്കുകുകയായിരുന്നു.ചിലർ കൃഷിയിറക്കി. സംസ്ഥാന സർക്കാരിന്റെ പദ്ധതി പ്രകാരം തരിശ് ഭൂമിയിൽ കൃഷി ഇറക്കിയാൽ ഹെക്ടറിന് 35,000 രൂപ കർഷകനും ഭൂ ഉടമയ്ക്ക് 5000 രൂപയും ലഭിക്കും. ഈ തുക തട്ടിയെടുക്കാനാണു ചിലർ കൃഷിയിറക്കിയതെന്ന് ആരോപണമുണ്ട്. ചിറക്കര, ചാത്തന്നൂർ പഞ്ചായത്തുകളിലെ കർഷകരാരും ഇത്തവണ പോളച്ചിറ ഏലായിൽ കൃഷിയിറക്കിയിരുന്നില്ല.
പരവൂരിൽ പൊഴിയുടെ നിർമ്മാണം നടക്കുന്നതിനാൽ കായലിലെ വെള്ളം കടലിലേക്ക് ഒഴുക്കിവിടാൻ കഴിയുന്നില്ല. മഴയെ തുടർന്ന് കായലിൽ ജലനിരപ്പ് ഉയരുകയും വെള്ളം പോളച്ചിറ ഏലായിലേക്ക് ഒഴുകിയെത്തുകയും ചെയ്തതാണ് നാശമുണ്ടാക്കിയത്. ചാത്തന്നൂർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം വിനിയോഗിച്ച് പമ്പുകൾ സ്ഥാപിച്ചതിലെ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവും ശക്തമായിരിക്കവേയാണ് പമ്പ് ഹൗസിലൂടെ വെള്ളം പോളച്ചിറയിൽ കയറുന്നത്. കാലം തെറ്റി കൃഷിയിറക്കിയതും കൃഷി വെള്ളത്തിൽ മുങ്ങാൻ കാരണമായതും അന്വേഷിക്കണമെന്ന നിലപാടിലാണ് കർഷകർ.