saji

കുന്നിക്കോട്: യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് വെട്ടിക്കവല മഹേഷ് ഭവനിൽ മനോജ് (38) കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചക്കുവരയ്ക്കൽ കോക്കാട് സുജാ ഭവനിൽ സജി (45), ചക്കുവരയ്ക്കൽ കോക്കാട് അഭിലാഷ് ഭവനിൽ അനിമോൻ എന്നു വിളിക്കുന്ന അനിലേഷ് (39) എന്നിവരാണ് അറസ്റ്റിലായത്.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമാണെന്ന് ആരോപണം ഉയർന്നെങ്കിലും മുൻവൈരാഗ്യമാണെന്നാണ് പൊലീസ് പറയുന്നത്. 2016ൽ മനോജും സംഘവും ഇപ്പോൾ പിടിയിലായ സജിയെ ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ വെട്ടേറ്റ് സജിയുടെ വിരൽ മുറിഞ്ഞിരുന്നു. ഇതിനുശേഷം പലതവണ തർക്കമുണ്ടായി. കഴിഞ്ഞ 8ന് രാത്രി കോക്കാട് ആയിരവില്ലി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് സജിയും കൂട്ടുകാരും പ്രദേശത്തെ കടയ്ക്ക് മുന്നിൽ ഒത്തുകൂടി. കടയ്ക്ക് മുന്നിലൂടെ കടന്നുപോയ മനോജ് സജിയെ അസഭ്യം വിളിച്ചു. പ്രകോപിതനായ സജി സുഹൃത്തും ബന്ധുവുമായ അനിലേഷിനോട് വിവരം പറഞ്ഞു. തുടർന്ന് സജിയുടെ വാഹനത്തിൽ കരുതിയിരുന്ന മഴുവുമായി അനിലേഷിന്റെ സ്കൂട്ടറിൽ മനോജിനെ പിന്തുടർന്ന് കോക്കാട് പെട്രോൾ പമ്പിന് സമീപമെത്തി തടഞ്ഞുനിറുത്തി.

സജി വാഹനത്തിൽ നിന്നിറങ്ങി കൈയിൽ കരുതിയിരുന്ന മഴു ഉപയോഗിച്ച് മനോജിന്റെ തലയ്ക്ക് വെട്ടി. തറയിൽ വീണ മനോജിന്റെ ഇടതു കൈയിലെ ചൂണ്ടുവിരൽ വെട്ടിമാറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാത്രി 10 ഓടെ ഘോഷയാത്ര കടന്നുപോയതിന് പിന്നാലെയാണ് മുറിവേറ്റ് രക്തം വാർന്ന നിലയിൽ റോഡരികിൽ മനോജിനെ കാണപ്പെട്ടത്. നാട്ടുകാർ മനോജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഡോക്ടർമാരാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തലയ്ക്ക് വെട്ടിയതാണെന്ന് വെളിപ്പെടുത്തിയത്. ഇതോടെ പൊലീസ് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞു. സംഭവശേഷം ഒളിവിൽ പോയ സജിയെ എറണാകുളത്ത് നിന്നും അനിലേഷിനെ ഇടമണ്ണിൽ നിന്നുമാണ് പിടികൂടിയത്.

കൊട്ടാരക്കര ഡി.വൈ.എസ്.പി. ആർ.സുരേഷിന്റെ നേതൃത്വത്തിൽ കുന്നിക്കോട് എസ്.എച്ച്.ഒ പി.ഐ. മുബാറക്ക്, ഇൻസ്പെക്ടർമാരായ ശിവപ്രകാശ്, ജോസഫ് ലിയോൺ, ബിജു തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.