പുനലൂർ: പുനലൂർ നഗരസഭയുടെ പാർക്ക് നാശത്തിന്റെ വക്കിൽ . ഉപകരണങ്ങളെല്ലാം തുരുമ്പെടുത്തു. പാർക്കിൽ കാടുകയറി. 22 വർഷം മുമ്പ് പുനലൂർ ജവഹർ ബാലഭവനോട് ചേർന്ന് നിർമ്മിച്ച പുനലൂർ പാർക്കാണ് ഇപ്പോൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ഇവിടെ ഒരു പാർക്ക് ഉണ്ടായിരുന്നോ എന്നു പോലും സംശയമാണിപ്പോൾ. കോൺക്രീറ്റ് ഇരിപ്പിടങ്ങൾ പൂർണമായും നശിച്ചു. ഒരുകാലത്ത് പാർക്കിന്റെ ആകർഷകങ്ങളായിരുന്ന ശില്പങ്ങളും നശിച്ചു മണ്ണോട് ചേർന്നു. സീസോ ഉൾപ്പെടെ കുട്ടികൾക്ക് വിനോദത്തിന് കൊണ്ടുവന്ന ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു.
അധികൃതരുടെ അനാസ്ഥ
15 വർഷം മുൻപ് വരെയും ഈ പാർക്ക് തലയെടുപ്പോടെയായിരുന്നു നിലകൊണ്ടത്. എന്നാൽ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് പാർക്കിന്റെ ശോച്യാവസ്ഥയ്ക്ക് പിന്നിൽ. കല്ലടയാറിന്റെ ഭംഗി ആസ്വദിച്ച് സായാഹ്നം ചെലവഴിക്കാൻ വേണ്ടി പുനലൂർ നിവാസികൾക്കായ് പണിത പാർക്കായിരുന്നു ഇത്. ആദ്യ നാളുകളിൽ നൂറുകണക്കിന് ആളുകൾ പാർക്കിൽ എത്തിയിരുന്നു. പിന്നീട് പാർക്ക് പരിപാലിക്കാതെയും നവീകരിക്കാതെയും നാശത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ബഡ്ജറ്റിൽ ഇടം നേടുന്നത് മിച്ചം
എല്ലാവർഷവും പുനലൂർ നഗരസഭ ബഡ്ജറ്റിൽ പാർക്കിന് വേണ്ടി തുക വകയിരുത്തുന്നുണ്ട്. എന്നാൽ പാർക്കിൽ ഒരു ബെഞ്ച് വാങ്ങി ഇടാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. ടൂറിസം വകുപ്പ് ലക്ഷങ്ങൾ മുടക്കി പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പുതുതായി പാർക്ക് നിർമ്മിക്കുന്നുണ്ടെങ്കിലും അതിന്റെ നിർമ്മാണവും ഇതുവരെ പൂർത്തിയായിട്ടില്ല. പൂർത്തിയായ കെട്ടിടമാകട്ടെ സാമൂഹ്യവിരുദ്ധരുടെ താവളവുമാണ്. പുനലൂർ തൂക്ക് പാലം സന്ദർശിക്കാൻ എത്തുന്ന ടൂറിസ്റ്റുൾക്ക് ഒരു പാർക്ക് സജ്ജമാക്കി നൽകാൻ അധികൃതർക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല.