കൊല്ലം: നഗരത്തിലെ ചെറുതും വലുതുമായ റോഡുകൾ, ജലാശയങ്ങൾ, ഓടകൾ, അവയുടെ നീളം, വീതി, വിസ്തീർണം, നഗരത്തിലെ കെട്ടിടങ്ങളുടെ എണ്ണം എന്നിവയെല്ലാം ഇനി അധികൃതരുടെ വിരൽത്തുമ്പിൽ ലഭിക്കുന്ന ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) തയ്യാർ. ഉടൻ പ്രകാശനം ചെയ്യുന്ന 'ദൃഷ്ടി' എന്ന വെബ് പോർട്ടലിലൂടെ ഈ സംവിധാനത്തിലെ വിവരങ്ങൾ ലഭിക്കും. വിവരങ്ങൾ വിലപ്പെട്ടതായതിനാൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥർക്ക് മാത്രമാകും വെബ് പോർട്ടലിൽ പ്രവേശനം.

നഗരത്തിലെ ഓരോ റോഡുകളും ജലാശയങ്ങളും കെട്ടിടങ്ങളും നഗര ഭൂപടത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരു കച്ചവട സ്ഥാപനത്തിന്റെ പേര് നൽകിയാൽ അത് എവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന് ഭൂപടത്തിൽ തെളിയും. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് ഐ.പി.എം.എസ് തയ്യാറാക്കിയത്.

നഗരത്തിൽ താമസിക്കുന്ന ഓരോ വ്യക്തിയുടെയും ജോലി, വിദ്യാഭ്യാസ യോഗ്യത, മുൻഗണന, മുൻഗണനേതര റോഷൻ കാർഡ് ഉടമകൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയ സാമൂഹ്യ വിവരങ്ങളും പുതിയ സംവിധാനത്തിൽ ലഭിക്കും. സ്റ്റേറ്റ് ഡേറ്റാ സെന്ററിന്റെ സെർവറിലാണ് വിവരങ്ങൾ സംഭരിച്ചിരിക്കുന്നത്. വീടുവീടാന്തരം കയറിയുള്ള സർവേയ്ക്ക് പുറമേ ഡ്രോൺ ഉപയോഗിച്ചും വിവരങ്ങൾ ശേഖരിച്ചു.

# പലതുണ്ട് പ്രയോജനം

ഏതെങ്കിലും ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കുമ്പോൾ മാനദണ്ഡങ്ങൾക്കു വിധേയരായ എത്ര ഗുണഭോക്താക്കൾ നഗരത്തിലുണ്ടെന്ന് മുൻകൂട്ടി മനസിലാക്കി അതിന് ആവശ്യമായ പണം വകയിരുത്താം. റോഡ് നവീകരണ പദ്ധതികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിലും സമാനമായ പ്രയോജനം ഉണ്ടാകും. നഗരസഭയ്ക്ക് പുറമേ വാട്ടർ അതോറിട്ടി, പൊതുമരാമത്ത്, കെ.എസ്.ഇ.ബി, പൊലീസ് എന്നീ വകുപ്പുകൾക്കും മാസ്റ്റർ പ്ലാൻ പ്രയോജനപ്പെടും. പരിസ്ഥിതി സംരക്ഷണം, ദുരന്ത ലഘൂകരണം തുടങ്ങിയ കാര്യങ്ങളിലും സഹായകരമാകും.

# നേട്ടങ്ങൾ മേഖല തിരിച്ച്

നഗരാസൂത്രണം

 വളർച്ച പ്രവണത മനസിലാക്കി ആസൂത്രണം നടത്താം

 വികസന പ്രവർത്തനങ്ങളിലെ അസന്തുലിതാവസ്ഥ മനസിലാക്കാം

 സൂക്ഷ്മ ഭൂവിനിയോഗ വിവരങ്ങൾ ലഭ്യം

 ജനസാന്ദ്രത അടിസ്ഥാനമാക്കി പദ്ധതികൾ ആവിഷ്കരിക്കാം

# എൻജിനീയറിംഗ്

 കോർപ്പറേഷന്റെ മുഴുവൻ ആസ്തികളും ഡിജിറ്റൽ രൂപത്തിൽ ഫോട്ടോസഹിതം

 റോഡുകളുടെ സമഗ്ര വിവരം വിരൽത്തുമ്പിൽ

 റോഡ് വീതികൂട്ടാനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ

 കലുങ്കുകളുടെയും ഓടകളുടെയും മുഴുവൻ വിവരങ്ങൾ

# റവന്യു

 നികുതി വെട്ടിപ്പുകൾ കണ്ടെത്താം

 സി.ആർ.ഇസഡ്, ഡേറ്റ ബാങ്ക് എന്നിവയിൽ ഉൾപ്പെട്ട സ്ഥലങ്ങളിലെ നിർമ്മാണം തടയാം

 ലൈസൻസ് നിയമം കാര്യക്ഷമമായി നടപ്പാക്കാം

 കെട്ടിടങ്ങളുടെ അനധികൃത ഉപയോഗം കണ്ടെത്താം

 നികുതി പരിധിയിൽ വരാത്ത കെട്ടിടങ്ങൾ കണ്ടെത്താം

# സാമൂഹ്യക്ഷേമം

 ഓരോ ക്ഷേമ പദ്ധതിക്കുമുള്ള അർഹരെ കണ്ടെത്താം

 വിവിധ പ്രദേശങ്ങളിലെ സാമൂഹ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കാം

 ഓരോ പ്രദേശത്തിനും ആവശ്യമായ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാം

# കാർഷികം, വ്യവസായം

 തരിശുഭൂമി കൃഷിയോഗ്യമാക്കാൻ പദ്ധതികൾ തയ്യാറാക്കാം

 വ്യവസായങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താം

 കൃഷിഭൂമികൾ സംരക്ഷിക്കാം