photo
കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ടായി മാറിയ കണ്ണംമ്പള്ളി മുക്ക്- ഒട്ടത്തിൽമുക്ക് റോഡ്

കരുനാഗപ്പള്ളി: മഴശക്തി പ്രാപിച്ചതോടെ കണ്ണംമ്പള്ളി മുക്ക് - ഒട്ടത്തിൽമുക്ക് റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുഷ്ക്കരമായി. റോഡിലെ കുണ്ടും കുഴിയുമാണ് യാത്രക്കാർക്ക് വലിയ വിനയായിരിക്കുന്നത്. കുഴികളിൽ മഴവെള്ളം കെട്ടി നിൽക്കാൻ തുടങ്ങിയതോടെ അപകടങ്ങൾ പതിവായി.

കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നതിൽ അധികവും ഇരുചക്ര വാഹനങ്ങളാണ്.

കണ്ണംമ്പള്ളി ജംഗ്ഷൻ, കുറ്റിക്കാട്ടിൽ ജംഗ്ഷൻ, പാലമൂട്ടിൽ ക്ഷീര സംഘത്തിന് സമീപം എന്നിവടങ്ങളിലാണ് റോഡ് പൂർണമായി തകർന്ന് മഴ വെള്ളം കെട്ടിക്കിടക്കുന്നത്. മഴശക്തമായതോടെ കാൽനട യാത്ര പോലും ദുഷ്ക്കരമായിരിക്കുകയാണ്. പതിറ്റാണ്ട് മുമ്പാണ് റോഡ് അവസാനമായി റീ ടാർ ചെയ്തത്. ഇതിന് ശേഷം ഒരിക്കൽ പോലും അറ്റകുറ്രപ്പണികൾ നടന്നിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നു. റോഡിന്റെ ശേച്യാവസ്ഥയെ തുടർന്ന് നവകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വർഷം മുമ്പ് 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. കരുനാഗപ്പള്ളി നഗരസഭയ്ക്കായിരുന്നു നിർമ്മാണ ചമതല. ആദ്യത്തെ ടെണ്ടർ നടപടികളിൽ നിന്ന് കരാറുകാർ വിട്ടു നിന്നതോടെ ക്വട്ടേഷൻ വിളിച്ചാണ് കരാർ ഉറപ്പിച്ചത്.

കരാറുകാൻ നഗരസഭയുമായി ഉടമ്പടിയും വച്ചു. എന്നാൽ, എട്ട് മാസം കഴിഞ്ഞിട്ടും റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങാനായില്ല. കാലവർഷത്തിന് ഇനി ഒരു മാസം മാത്രമാണ് ശേഷിക്കുന്നത്. അതിന് മുമ്പ് റോഡ് പണി ആരംഭിച്ചില്ലെങ്കിൽ വീണ്ടും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരും.

രണ്ട് കിലോമീറ്ററാണ് കണ്ണംമ്പള്ളി മുക്ക് - ഒട്ടത്തിൽ മുക്ക് റോഡിന്റെ ദൈർഘ്യം. കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിലെ 7, 26, 27, 28, 29 ഡിവിഷനുകളുടെ പരിധിയിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. കന്നേറ്റി ദേശീയപാതയിൽ ഗതാഗത സ്തംഭനം ഉണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നത് ഈ റോഡിലൂടെയാണ്.

ഭയപ്പെടുത്തുന്ന ടാർ വില

ടാറിന്റെ അമിത വിലയാണ് ജോലിയിൽ നിന്ന് കരാറുകാരൻ വിട്ടു നിൽക്കാൻ കാരണമെന്നാണ് അറിയുന്നത്. ഒരു ബാരൽ ടാറിന് 12,000 രൂപയോളം വിലവരും. സർക്കാർ നൽകുന്നത് 6,000 രൂപ മാത്രമാണ്. ഇത്തരത്തിൽ നഷ്ടം വരുമെന്ന് ഭയന്നാണ് കരാറുകാരൻ ജോലിയിൽ നിന്ന് വിട്ട് നിൽക്കുന്നത്. കാരണം എന്തായാലും, കാലം കഴിയും തോറും നാട്ടുകാരുടെ

ദുരിതത്തിന് അവസാനമില്ലെന്നതാണ് സത്യം.