കൊല്ലം: കരസേനയിലേക്ക് കേരളത്തിൽ നിന്നു 2021ൽ നടത്തിയ റിക്രൂട്ട്മെന്റ് റാലിയിൽ കായികക്ഷമത പരിശോധനയിലും മെഡിക്കൽ പരിശോധനയിലും യോഗ്യരായ യുവാക്കളുടെ എഴുത്തു പരീക്ഷ അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി. കേന്ദ്ര പ്രതിരോധ മന്ത്രിക്കും ആർമി റിക്രൂട്ട്മെന്റ് മേധാവിക്കും കത്ത് നൽകി.
2021 ഫ്രെബ്രുവരിയിൽ തിരുവന്തപുരത്തും കോഴിക്കോട്ടും നടത്തിയ റിക്രൂട്ട്മെൻറിൽ 1.20 ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. 6,500 ഓളം പേർ കായികക്ഷമത പരിശോധയിലും മെഡിക്കൽ പരിശോധനയിലും വിജയിച്ചു. യോഗ്യത നേടിയവർക്ക് എഴുത്തുപരീക്ഷക്കുള്ള ഹാൾ ടിക്കറ്റും ലഭിച്ചു. കൊവിഡിന്റെ പേരിൽ 2 തവണ എഴുത്തു പരീക്ഷ മാറ്റി വച്ചു. എന്നാൽ ഒരു കാരണവും പറയാതെ 2 തവണകൂടി പരീക്ഷ മാറ്റിയത് യോഗ്യത നേടിയവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഈ കാലയളവിൽ തന്നെ പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട നേവി, എയർഫോഴ്സ്, മിലിട്ടറി നഴ്സിംഗ് സർവീസ്, എൻ.ഡി.എ തുടങ്ങി വിവിധ റിക്രൂട്ട്മെന്റുകളിലേക്കുള്ള പരീക്ഷകൾ നടത്തിയിട്ടുണ്ടെന്നും എം.പി പറഞ്ഞു.