ഓയൂർ: വെളിനല്ലൂർ പഞ്ചായത്തിലെ റോഡുവിള പാറപ്പാട് - പെരുവൻ തോട് ഏലായ്ക് ഏലാ റോഡ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. രണ്ട് കിലോമീറ്റർ ദൂരം വരുന്ന ഏലായ്ക്ക് സമാന്തരമായി സഞ്ചാരയോഗ്യമായ റോഡ് വേണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി കർഷകർ ആവശ്യപ്പെടുകയാണ്. സ്ഥലം കൊടുക്കാൻ കർഷകർ തയ്യാറായിട്ടും ജനപ്രതിനിധികളോ ബന്ധപ്പെട്ട അധികൃതരോ റോഡ് നിർമ്മിക്കാൻ തയ്യാറാകുന്നില്ല.
കൃഷി ഉപേക്ഷിക്കുന്നു
നെൽക്കൃഷിയിൽ നൂറുമേനി വിളഞ്ഞിരുന്ന ഏലായിൽ റോഡ് ഇല്ലാത്തതിനാൽ ഇപ്പോൾ ഭൂരിഭാഗം കർഷകരും കൃഷി ഉപേക്ഷിക്കുകയാണ്. ഏലാ റോഡില്ലാത്തതാണ് ഇവിടെ കൃഷി നിലയ്ക്കാൻ കാരണമെന്ന് കർഷകർ പറയുന്നു. എല്ലാ സമയവും വെള്ളം ലഭിക്കുന്ന ഏലാ കൂടിയാണിത്. റോഡ് ഇല്ലാത്തതിനാൽ നിലം ഒരുക്കുന്നതിന് ട്രാക്ടർ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. മാത്രമല്ല വളങ്ങളും മറ്റ് അനുബന്ധ സാമഗ്രികളും തലച്ചുമടായാണ് പാടത്തേയ്ക്ക് കൊണ്ടുപോകുന്നത്.
സമ്മതപത്രം നൽകിയിട്ടും നടപടിയില്ല
രണ്ട് വർഷം മുൻപ് പഞ്ചായത്തിൽ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ റോഡ് നിർമ്മിക്കുന്നതിനായി അളക്കാൻ വന്നിരുന്നു. വഴി നൽകാൻ സമ്മതിച്ചു കൊണ്ട് ഭൂരിഭാഗം കർഷകരും സമ്മതപത്രം നൽകിയിരുന്നതായും പറയുന്നു.എന്നാൽ പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡുവിള -കട്ടേനി റോഡിന്റെ ഉപ റോഡുകൾ ഏലായിലേക്ക് വരുന്നുണ്ടെങ്കിലും ഇതെല്ലാം ഒറ്റയടിപ്പാത പോലെ വീതി കുറഞ്ഞ വഴികളായതിനാൽ കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. ഏലാ റോഡ് നിർമ്മിച്ചാൽ എലായുടെ കരയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും പ്രയോജനപ്രദമാകും. ഏലാ വികസനത്തിന് ഉപകരിക്കുന്ന റോഡ് എത്രയും വേഗം നിർമ്മിക്കാൻ ബന്ധപ്പെട്ട അധിതൃതരും ജന പ്രതിനിധികളും രാഷ്ടീയ സാമൂഹ്യ പ്രവർത്തകരും ഇടപെടണമെന്നാണ് കർഷകരും പ്രദേശവാസികളും ആവശ്യപ്പെടുന്നു.