കൊല്ലം: മഴക്കെടുതിയിൽ നാശനഷ്ടങ്ങൾ ഉയർന്നതോടെ അടിയന്തര നടപടികൾ ആരംഭിച്ചു. മണ്ണടിഞ്ഞ് പരവൂർ പൊഴിക്കര ചീപ്പിലെ ഷട്ടറുകൾ അടഞ്ഞതോടെ കായലിൽ ജലനിരപ്പ് ഉയർന്ന് മയ്യനാട്, മുക്കം, താന്നി പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. മണൽ നീക്കം ചെയ്യാൻ മേജർ ഇറിഗേഷൻ വകുപ്പ് നീക്കം ആരംഭിച്ചു. ആലപ്പാട് തീരത്തെ പാർശ്വഭിത്തി നിർമ്മാണത്തിനുള്ള പാറക്ഷാമം പരിഹരിക്കാൻ ഇറിഗേഷൻ, ജിയോളജി വകുപ്പുകൾക്ക് ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നിർദേശം നൽകി.
മഴയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. ഇടിമിന്നലിൽ മൂന്ന് വീടുകളിലെ ഉപകരണങ്ങൾ നശിച്ചു. പുനലൂരിൽ 75 വീടുകൾ ഭാഗികമായും മൂന്നു വീടുകൾ പൂർണമായും തകർന്നു. കുന്നത്തൂരിൽ രണ്ടു വീടുകൾ ഭാഗികമായും പത്തനാപുരത്ത് ഒരു വീട് പൂർണമായും തകർന്നു. കൊട്ടാരക്കരയിൽ ഇടിമിന്നലിൽ ഒരു മരണവും സംഭവിച്ചു. മഴക്കെടുതി നേരിടാൻ ആരോഗ്യവകുപ്പും സജ്ജമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ വ്യക്തമാക്കി. ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലോറിനേഷനും ഫോഗിങ്ങും പുരോഗമിക്കുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.
തീരദേശ മേഖലയിൽ കൂടുതൽ ജാഗ്രത പാലിക്കാൻ കോസ്റ്റൽ പൊലീസിന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ വിലയിരുത്തി. കെടുതികൾ നേരിടാൻ മുഴുവൻ സമയം വാർ റൂമും, താലൂക്ക് കൺട്രോൾ റൂമുകളും പ്രവർത്തിക്കാൻ നിർദേശം നൽകി.