
കൊല്ലം: പന്മന ആശ്രമം നൽകുന്ന ശ്രീവിദ്യാധിരാജ പുരസ്‌കാരത്തിന് ഡോ. എ.എം ഉണ്ണിക്കൃഷ്ണൻ അർഹനായി. 'ചട്ടമ്പിസ്വാമി പഠനങ്ങൾ" എന്ന ഗ്രന്ഥത്തിനാണ് പുരസ്കാരം. 2790 പേജിൽ മൂന്ന് വാല്യങ്ങളിലായി ഒരുവർഷം കൊണ്ടാണ് പുസ്തകം തയ്യാറാക്കിയത്.
ചരിത്രകാരന്മാർ, സാഹിത്യകാരന്മാർ, ശാസ്ത്രജ്ഞർ, ഗവേഷകർ, സന്യാസിമാർ തുടങ്ങി ഇരുന്നൂറിലധികം വിദഗ്ദ്ധരുടെ 217 പ്രബന്ധങ്ങൾ പുസ്തകത്തിലുണ്ട്. ഒരു കേരളീയനെക്കുറിച്ച് ഒരേസമയം ഏറ്റവും കൂടുതൽ എഴുത്തുകാർ ചേർന്ന് രചിച്ച അക്കാഡമിക ഗ്രന്ഥമാണിത്.
ചട്ടമ്പിസ്വാമിയുടെ 98-ാമത് മഹാസമാധിദിനമായ മേയ് 2ന് സ്വാമി പ്രജ്ഞാനാനന്ദതീർത്ഥപാദരുടെ അദ്ധ്യക്ഷതയിൽ പന്മന ആശ്രമത്തിൽ ചേരുന്ന സമ്മേളനത്തിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതിയും മാർഗദർശക് മണ്ഡലാദ്ധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി പുരസ്‌കാരം സമ്മാനിക്കും. കുമ്മനം രാജശേഖരൻ, ചീഫ് സെക്രട്ടറി വി.പി.ജോയ്, മധുപാൽ, സി.കെ. വാസുക്കുട്ടൻ തുടങ്ങിയവർ സംസാരിക്കും.