കൊല്ലം: ജില്ലാ പഞ്ചായത്ത് ഓഫീസ് പടിക്കൽ ഗവ. കരാറുകാരുടെ സംയുക്ത സംഘടന നടത്തിയ ധർണ ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്ഥാന പ്രസിഡന്റ് വർഗ്ഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അജിത് പ്രസാദ് ജയൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച് മാർച്ച് 30 ന് മുമ്പ് സമർപ്പിക്കപ്പെട്ട 34 ബില്ലുകൾ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പാസായില്ലെന്ന് വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ഇത് ജില്ലയിലെ കരാറുകാരെ തളർത്തിയിരിക്കുകയാണ്. ഉദ്യോഗസ്ഥ തലത്തിലുണ്ടായ വീഴ്ച അന്വേഷിക്കാൻ മന്ത്രിതലത്തിൽ പരാതി നൽകും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് നീങ്ങും. സംസ്ഥാനത്തെ ഗവ. കരാറുകാർ നേരിടുന്ന അമിത വിലവർദ്ധന അടക്കമുള്ള പ്രശ്നങ്ങൾ സർക്കാർ തലത്തിൽ ചർച്ച ചെയ്ത് പരിഹരിക്കണം. 30 മുൻപ് ഉറപ്പ് പാലിച്ചില്ലെങ്കിൽ മേയ് മുതൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ പി. നുജൂം, എ.കെ. ഷംസുദ്ദീൻ, മൻമഥൻ പിള്ള, സത്യരാജൻ എന്നിവർ സംസാരിച്ചു. അസോ.കൊട്ടാരക്കര താലൂക്ക് സെക്രട്ടറി എസ്. രാജു സ്വാഗതവും പി.എച്ച്. റഷീദ് നന്ദിയും പറഞ്ഞു.