
ചാത്തന്നൂർ: കൂട്ടുകാരനോടൊപ്പം കായലിൽ കക്ക വാരാനിറങ്ങിയ യുവാവ് കയത്തിൽ മുങ്ങിമരിച്ചു. നെടുമ്പന ടി.ബി ജംഗ്‌ഷനിൽ ചിഞ്ചു ഭവനിൽ പുരുഷോത്തമന്റെയും ഷൈലജയുടെയും മകൻ അഭിറാമാണ് (27) മുങ്ങിമരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മുന്നരയോടെയാണ് സംഭവം. അഭിറാമും കൂട്ടുകാരൻ സുദർശനനും കൂടിയാണ് കക്ക വാരാൻ കായലിൽ ഇറങ്ങിയത്. ആദിച്ചനല്ലൂർ പ്ലാക്കാട് വട്ടക്കായലിൽ എസ്.ബി ബ്രിക്സിന് സമീപമാണ് ഇവർ കക്ക വാരാൻ ഇറങ്ങിയത്. കക്ക വാരുന്നതിനിടയിൽ അഭിറാം കായലിലെ കയത്തിൽ അകപ്പെട്ടു. രക്ഷിക്കാൻ ശ്രമിച്ച സുദർശനനും കയത്തിൽ പെട്ടെങ്കിലും രക്ഷപ്പെട്ടു. കരയിൽ കണ്ടുനിന്നവരും ചാത്തന്നൂർ എസ്.ഐ ആശാ.വി. രേഖയുടെ നേതൃത്വത്തിൽ എത്തിയ പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. സുദർശനനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഭിറാമിന്റെ മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തു. വെൽഡിംഗ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അഭിറാം. ഭാര്യ: ശ്രുതി. മകൻ ആശ്രയ് (3).