emi

കൊല്ലം: കൊല്ലംതുറമുഖ വികസനത്തിന്റെ അടി​സ്ഥാന ഘടകമായ എമിഗ്രേഷൻ ഓഫീസ് സജ്ജമാക്കാനുള്ള ഗേറ്റ് ഹൗസിന്റെ നിർമ്മാണം ലക്ഷ്യമി​ല്ലാതെ നീളുന്നു. കെട്ടിട നിർമ്മാണത്തിന്റെ കരാർ കാലാവധി ഒരു വർഷം മുൻപ് അവസാനിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ കെട്ടിടം പൂർത്തിയാക്കണമെന്ന് പോർട്ട് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടും നിർമ്മാണ ചുമതലയുള്ള ഹാർബർ എൻജിനീയറിംഗ് വകുപ്പ് കേട്ടഭാവം നടി​ക്കുന്നി​ല്ല. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും പൂർണമായും സജ്ജമാകാൻ കുറഞ്ഞത് ആറ് മാസമെങ്കിലും ഇനിയും വേണ്ടിവരുന്ന അവസ്ഥയാണ്.

കെട്ടിടത്തിന്റെ പെയിന്റിംഗും മറ്റ് മിനുക്ക് പണികളും അന്തിമഘട്ടത്തിലാണ്. എന്നാൽ വൈദ്യുതീകരണം ആരംഭി​ച്ചതേയുള്ളു. ഇത് പൂർത്തിയാകാൻ രണ്ട് മാസത്തിലേറെ ഇനി​യും വേണ്ടിവരും. തുടർന്ന് ഫർണിഷിംഗ് അടക്കമുള്ള പ്രവൃത്തികൾ ചെയ്യേണ്ടതുണ്ട്. 2020 മാർച്ചിലാണ് ഗേറ്റ് ഹൗസ് നിർമ്മാണത്തിന്റെ കരാർ ഒപ്പിട്ടത്. ഒരു വർഷമായിരുന്നു കാലാവധി. കൊവിഡും സാമഗ്രികളുടെ ലഭ്യതക്കുറവുമാണ് നിർമ്മാണം ഇത്രയേറെ വൈകാനുള്ള കാരണമായി നിർവഹണ ഏജൻസി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഒന്നരക്കോടി രൂപയാണ് പ്രതീക്ഷി​ക്കുന്ന ചെലവ്.

സുരക്ഷിതമായ ഓഫീസ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് കൊല്ലം തുറമുഖത്തി​ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എമിഗ്രേഷൻ പോയിന്റ് അനുവദിക്കാത്തത്. പോയിന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് നേരത്തെ എത്തിയ സംഘങ്ങളെല്ലാം ഓഫീസ് സൗകര്യത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി. ഇതോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. കെട്ടിട നിർമ്മാണം നീളുന്നത് അനുസരിച്ച് വി​കസന നീക്കങ്ങളെല്ലാം പ്രതിസന്ധിയിലാവും.

 ഫർണിഷിംഗ് ശുപാർശയും കുരുക്കിൽ

എമിഗ്രേഷൻ പോയിന്റ് കിറ്റ്കോ മുഖേന ഫർണിഷ് ചെയ്യാൻ തുറമുഖം അധികൃതർ നൽകിയ 12 ലക്ഷത്തിന്റെ ശുപാർശ തുറമുഖ വകുപ്പിൽ കുടുങ്ങിക്കിടക്കുകയാണ്. ഫർണിഷിംഗ് വൈകിയാൽ എമിഗ്രേഷൻ പോയിന്റെ സജ്ജമാക്കാൽ വീണ്ടും വൈകും.

 ഐ.എസ്.പി.എസ് കോഡ് പ്രതിസന്ധിയിൽ

തുറമുഖത്തിന്റെ സുരക്ഷ സംബന്ധിച്ച ഐ.എസ്.പി.എസ് കോഡിനുള്ള അപേക്ഷ മാസങ്ങളായി ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗിന്റെ പരിഗണനയിലാണ്. തുറമുഖം സന്ദർശിച്ച് ഇന്ത്യൻ രജിസ്ട്രാർ ഒഫ് ഷിപ്പിംഗ് അധികൃതർ പരിശോധന നടത്തിയെങ്കിലും മെർക്കെന്റയിൽ മറൈൻ വകുപ്പിന് ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം മെർക്കെന്റയിൽ മറൈൻ വകുപ്പ് അധികൃതരെത്തി വിലയിരുത്തിയ ശേഷമേ കോഡ് അനുവദിക്കുകയുള്ളു. ഇതിനുള്ള ഫയൽ നീക്കം വേഗത്തിലാക്കാനും കാര്യമായ ഇടപെടലുകളില്ല.