കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ കുന്നിക്കോട് ചന്ത പൊലീസ് 'കസ്റ്റഡിയിൽ' ആയിട്ട് വർഷങ്ങളായി. കുന്നിക്കോട് പൊലീസ് വിവിധ കേസുകളിലായി പിടിച്ചെടുത്ത തൊണ്ടി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഈ ചന്തയിലാണ്. ഗ്രാമപഞ്ചായത്ത് അധികൃതർ, ബന്ധപ്പെട്ട അധികാരികളോട് ചന്തയിൽ നിന്ന് വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ആ 'കേസ് ' മാത്രം പരിഗണിച്ചില്ല.
കുന്നിക്കോട് പൊലീസ് തൊണ്ടിമുതലായി പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങളിൽ അധികവും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. വർഷങ്ങളായുള്ള വെയിലും മഴയും കൊണ്ട് മിക്ക വാഹനങ്ങളും പൂർണമായി നശിക്കുകയും പലതും ഉപയോഗശൂന്യവുമാണ്.
ചില വാഹനങ്ങളുടെ അകവും പുറവും കാട് മൂടുകയും വൃക്ഷ തൈകൾ വളരുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ കാടുകയറി കിടക്കുന്നതിനാൽ സമീപത്ത് ഇഴജന്തുശല്യവും രൂക്ഷമാണ്. ചന്തകൂടാതെ പൊലീസ് സ്റ്റേഷന്റെ മുൻവശത്തെ പാതയോരത്തും വാഹനങ്ങൾ സൂക്ഷിക്കുന്നത് പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടായിട്ടുണ്ട്.
നഗരഹൃദയത്തിലെ
തുരുമ്പ്
കുന്നിക്കോട് നഗരത്തിന്റെ നടുവിലായിട്ടാണ് ചന്ത സ്ഥിതി ചെയ്യുന്നത്. ചന്തയുടെ പരിസരത്തായി കുന്നിക്കോട് പൊലീസ് സ്റ്റേഷനെ കൂടാതെ പത്തനാപുരം എക്സൈസ് റേഞ്ച് ഓഫീസും സ്വാശ്രയ കാർഷിക വിപണിയും പ്രവർത്തിക്കുന്നുണ്ട്. എക്സൈസ് റേഞ്ച് ഓഫീസ് പ്രവർത്തനം ആരംഭിച്ചതിന്റെ ഭാഗമായി കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന ശുചീകരണത്തിൽ കുറേ വാഹനങ്ങൾ ചന്തയുടെ ഒരു ഭാഗത്തേക്ക് മാറ്റിയതൊഴിച്ചാൽ കാര്യമായ പ്രവർത്തനങ്ങളൊന്നും തന്നെ നടന്നിട്ടില്ല.
ചന്ത കൈയേറി പൊലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിനും മറ്റ് അധികാരികൾക്കും പലപ്പോഴായി അപേക്ഷ അയച്ച് മടുത്തിരിക്കുകയാണ് വിളക്കുടി ഗ്രാമപഞ്ചായത്ത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദബിയ നാസറുദ്ദീൻ താലൂക്ക് സമിതിക്ക് മുമ്പാകെയും പരാതി നൽകിയിരുന്നു. തുടർന്ന് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ഇടപ്പെട്ട് ബന്ധപ്പെട്ട വകുപ്പ് അധികൃതർക്കും പൊലീസ് ഉന്നത അധികാരികൾക്കും പരാതി നൽകിയെങ്കിലും നാളിതുവരെ ഫലം ഉണ്ടായില്ല.
തലവേദന അകറ്റാം
കോടികൾ നേടാം
സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ തൊണ്ടി മുതലായി പൊലീസ് പിടിച്ചിട്ടിരിക്കുന്ന ആയിരക്കണക്കിന് വാഹനങ്ങളുണ്ട്. ഇരുചക്ര വാഹനങ്ങൾ മുതൽ ആഡംബര വാഹനങ്ങൾ വരെ ഇതിൽ ഉൾപ്പെടും. പൊലീസ് സ്റ്റേഷന്റെ സ്ഥലം കഴിഞ്ഞാൽ വഴിവക്കിലോ മറ്റാരുടെയെങ്കിലും പുരയിടത്തിലോ ഇവ കൂട്ടിയിടുകയാണ് പതിവ്. ഇത് വർഷങ്ങളോളം ഇവിടക്കിടന്ന്
തുരുമ്പെടുത്ത് നശിക്കുന്നതല്ലാതെ ആർക്കും പ്രയോജനപ്പെടാറില്ല.
എന്നാൽ, ഒരു നിശ്ചിത കാലയളവ് കഴിഞ്ഞിട്ടും കേസിന് ഒരു തീരുമാനം ആയില്ലെങ്കിൽ ഇത്തരത്തിലുള്ള വാഹനങ്ങളെ കേസിൽ നിന്ന് നിയമപരമായി ഒഴിവാക്കി ലേലം ചെയ്യുന്നതിലൂടെ സർക്കാറിന് കോടികൾ ലഭിക്കുകയും നാട്ടുകാരുടെ തലവേദന ഒഴിയുകയും ചെയ്യുമെന്നാണ് വിദഗ്ദ്ധാഭിപ്രായം.
.............................................................................
കൊവിഡ് സാഹചര്യം മാറിയതോടെ കുന്നിക്കോട് ചന്തയുടെ നവീകരണം വൈകാതെ ആരംഭിക്കും. അതിന് മുന്നോടിയായി, ചന്തയിൽ പൊലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഉടൻ നീക്കം ചെയ്യണം. മൂന്ന് മാസം മുമ്പ് താലൂക്ക് സമിതിക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അദബിയ നാസറുദ്ദീൻ
പ്രസിഡന്റ്, വിളക്കുടി ഗ്രാമപഞ്ചായത്ത്
.............................................................................