കൊല്ലം: മനുഷ്യാവകാശ കമ്മിഷൻ അറസ്റ്റ് വാറണ്ട്പുറപ്പെടുവിച്ച സി.ഐ ബിജുവിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ടു ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് കെ.എസ്.യു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഉദ്ഘാടകനും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ വിഷ്ണു സുനിൽ പന്തളം, കെ.എസ്.യു ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ, പ്രവർത്തകരായ നെസ്മൽ, കൗശിക്, ഗോകുൽ, എസ്.പി. അതുൽ എന്നിവർക്ക് പരിക്കേറ്റു.
പൊലീസ് സ്റ്റേഷന് സമീപം മാർച്ച് തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് പ്രവർത്തകർ തകർക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. പ്രവർത്തകരെ പിരിച്ചുവിടാൻ രണ്ട് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും സംഘടിച്ച് മടങ്ങിയെത്തിയതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. പൊലീസുകാർ വൈരാഗ്യബുദ്ധിയോടെ ഗുണ്ടകളെപ്പോലെ ആക്രമിക്കുകയായിരുന്നെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പിണറായി ആഭ്യന്തരം ഏറ്റെടുത്ത ശേഷം കേരളത്തിലെ പൊലീസ് ഉത്തർപ്രദേശ് മോഡലിൽ പൈശാചികമായാണ് പ്രവർത്തിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് വിഷ്ണു സുനിൽ പന്തളം പറഞ്ഞു. സി.ഐ ബിജുവിനെ ക്രമസമാധാന ചുമതലയിൽ നിന്നു മാറ്റിയില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.പി. അതുൽ അദ്ധ്യക്ഷത വഹിച്ചു. വിഷ്ണു വിജയൻ, കൗശിക് എം.ദാസ്, നസ്മൽ കലത്തിക്കാട്, ബിച്ചു കൊല്ലം, അർഷാദ് മുതിര പറമ്പ്, തൗഫീക് മൈലാപ്പൂര്, ഗോകുൽ കൃഷ്ണ, അനന്ദു ചവറ, അനന്ദു പിള്ള, സാജൻ കുരീപ്പുഴ, സിദ്ദിഖ്, ഷംനാദ് തുടങ്ങിയവർ നേതൃത്വം നൽകി.