കൊല്ലം: കൊല്ലത്തു നിന്നു സാമ്പ്രാണിക്കോടി വരെ സർവീസ് നടത്തുന്ന ജല ഗതാഗത വകുപ്പിന്റെ യാത്രാബോട്ട് തെക്കുംഭാഗം പള്ളിക്കോടി വഴി ഗുഹാനന്ദപുരം വരെ നീട്ടിയാൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി ചവറ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും ഐ.എൻ.ടി.യു.സി ചവറ റീജിയണൽ പ്രസിഡന്റുമായ ജോസ് വിമൽരാജ് ഗതാഗത വകുപ്പുമന്ത്രിക്ക് നിവേദനം നൽകി.
തെക്കുംഭാഗം പഞ്ചായത്തിലും തേവലക്കര പഞ്ചായത്തിലും പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ വരുന്ന വിനോദ സഞ്ചരികൾക്ക് സാമ്പ്രാണിക്കോടി തുരുത്തുൾപ്പടെയുള്ള അഷ്ടമുടി കായലിലെ വിനോദ സഞ്ചാര മേഖല സന്ദർശിക്കാൻ കഴിയും. കോയിവിള, തെക്കുംഭാഗം, ദളവാപുരം പ്രദേശ വാസികൾക്ക് അഷ്ടമുടി കായലിന്റെ കിഴക്കൻ പ്രദേശങ്ങളായ അഷ്ടമുടി, പ്രാക്കുളം, കുരീപ്പുഴ, അഞ്ചാലുംമൂട് പ്രദേശങ്ങളിൽ പെട്ടന്ന് എത്തിച്ചേരാനും കഴിയും. തെക്കുംഭാഗം പഞ്ചായത്തിന്റെ നടുവത്തു ചേരി പ്രദേശമായ നാല് വാർഡുകളിലുള്ള ജനങ്ങൾക്ക് രണ്ടു കിലോമീറ്റർ സഞ്ചരിച്ചു ദളവാപുരം - പടപ്പനാൽ റോഡിൽ എത്തി കൊല്ലം വഴി ചുറ്റി അഞ്ചാലുംമൂട് പ്രദേശങ്ങളിൽ എത്തുന്നതിനു പകരം ഗുഹാനന്ദപുരത്തു നിന്നു ബോട്ടിൽ വളരെ വേഗം സാമ്പ്രാണിക്കോടിയിൽ ഇറങ്ങി എത്തിച്ചെരാം. കരുനാഗപ്പള്ളി, ചവറ പ്രദേശത്തു നിന്നു സാമ്പ്രാണിക്കോടി തുരുത്തു സന്ദർശിക്കാൻ എത്തുന്നവർക്കും ഈ ബോട്ട് സർവീസ് പ്രയോജനം
ചെയ്യുമെന്നും ജോസ് വിമൽരാജ് നിവേദനത്തിൽ വിശദീകരിച്ചു.