wood

ഓച്ചിറ: കഴിഞ്ഞ രണ്ട് വർഷമായി നിലംനികത്തൽ, മരംമുറി മാഫിയകളുടെ സമ്മർദങ്ങൾക്ക് വഴങ്ങാതെ ജോലി ചെയ്ത വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതിൽ വ്യാപക പ്രതിഷേധം. ഓച്ചിറ വില്ലേജ് ഓഫീസർ എൻ. അനിൽകുമാറിനെയാണ് തെക്കുംഭാഗത്തിന് സ്ഥലം മാറ്റിയത്. വില്ലേജ് പരിധിയിൽ അനധികൃതമായി നിലം നികത്തുകയും റവന്യൂ അധികൃതരുടെ അനുവാദമോ, ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ പാസോ ഇല്ലാതെ മരം മുറിച്ച് കടത്തുകയും ചെയ്ത മാഫിയ സംഘത്തിനെതിരെ നിയമ നടപടികൾ സ്വീകരിച്ചതിനാണ് സ്ഥലം മാറ്റിയതെന്ന് പരക്കെ ആക്ഷേപമുണ്ട്. റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ പിന്തുണയിലാണ് പ്രദേശത്ത് വ്യാപകമായി നിലം നികത്തലും മരം മുറിയുംനടന്നുവന്നിരുന്നത്. മേമന, കൊറ്റംമ്പള്ളി, മഠത്തിൽകാരാഴ്മ പ്രദേശങ്ങശളിൽ ഡേറ്റബാങ്കിൽപ്പെട്ട നിലങ്ങൾ വ്യാപകമായി നികത്തിയതിനെതിരെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നിയമനടപടികൾ സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഭരണകക്ഷിയിലെ ഒരു വിഭാഗം നേതാക്കൾ വില്ലേജ് ഓഫീസർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു

പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കും വിധം പ്രദേശത്ത് നിന്ന് മരം മുറിച്ച് കടത്തുന്ന സംഘത്തിനെതിരെയും കളക്ടറുടെ നിർദ്ദേശാനുസരണം അദ്ദേഹം നിയമനടപടികൾ സ്വീകരിച്ചിരുന്നു. ഉടമകൾക്ക് തുച്ഛമായ വില നൽകി പ്രദേശത്ത് നിന്ന് വ്യാപകമായി മരം മുറിച്ചുകടത്തുന്ന സംഘത്തിനെതിരെ പൊതുപ്രവർത്തകനായ എസ്.സുഭാഷ് കളക്ടർക്ക് പരാതിയെത്തുടർന്നായിരുന്നു നടപടി.

മഹാഗണി, തേക്ക്, മാഞ്ചിയം, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ വ്യാപകമായി മുറിച്ച് തമിഴ്നാട്ടിലെ പ്ലൈവുഡ് ഫാക്ടറികളിലേക്ക് കടത്തുകയായിരുന്നു.

പള്ളിമുക്ക്, വവ്വാക്കാവ് പ്രദേശങ്ങളിൽ വാടകയ്ക്കെടുത്ത യാർഡുകളിലാണ് ഇവർ മരങ്ങൾ വെട്ടി സുക്ഷിച്ചിരുന്നത്. പുരയിടത്തിലെ മരങ്ങൾ വെട്ടുന്നതിന് റവന്യൂ അധികൃതരുടെ സമ്മതപത്രവും മരങ്ങൾ വെട്ടിസുക്ഷിക്കുന്ന യാർഡുകൾക്ക് ഡി.എഫ്.ഒയുടെ ലൈസൻസും വേണമെന്ന നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു സംഘത്തിന്റെ വിളയാട്ടം. പൊതുജനങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെ അനാവശ്യമായി സ്ഥലം മാറ്റിയതിനെതിരെ വ്യാപകമായ പ്രതിഷേധത്തിനൊരുങ്ങുകയാണ് സ്ഥലത്തെ വിവിധ ബഹുജനസംഘടനകൾ.