photo
എം.പി.ഐ.യുടെ വിളക്കുപാറയിൽ ആരംഭിക്കുന്ന ഇറച്ചി സംസ്ക്കരണ ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പി.എസ്. സുപാൽഎം.എൽ.എ, ചെയർപേഴ്സൺ കമലാ സദാനന്ദൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, എം.ഡി. ഡോ. എ.എസ്. ബിജുലാൽ എന്നിവരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

അ‌ഞ്ചൽ: മീറ്റ് പ്രോഡക്ടസ് ഒഫ് ഇന്ത്യ (എം.പി.ഐ) വിളക്കുപാറയിൽ ആരംഭിക്കുന്ന മൂല്യാധിഷ്ഠിത ഇറച്ചി ഉല്പന്ന സംസ്ക്കരണ ഫാക്ടറിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. കെ.രാജു മന്ത്രിയായിരുന്നപ്പോൾ മുൻകൈയെടുത്താണ് 13.5 കോടി രൂപ ചെലവഴിച്ച് ഫാക്ടറിയുടെ നിർമ്മാണം ആരംഭിച്ചത്. പ്രതിദിനം രണ്ടായിരം കിലോ മൂല്യാധിഷ്ഠിത ഇറച്ചി ഉല്പന്നങ്ങൾ ഇവിടെ ഉല്പാദിപ്പിക്കാൻ കഴിയും. കൂത്താട്ടുകുളം ഹൈടെക് സ്ലാട്ടർ ഹൗസിൽ ശുദ്ധീകരിച്ച്, സംസ്ക്കരിച്ച്, ശീതീകരിച്ച ഇറച്ചി ഉല്പന്നങ്ങൾ വിളക്കുപാറയിൽ കോൾഡ് ചെയിൻ സമ്പ്രദായത്തിൽ എത്തിച്ച് പാചകം ചെയ്ത് ഉപയോഗിക്കാവുന്ന ഉല്പന്നങ്ങളായ സോബേജ്, കബാബ്, നാട്സ്, കട്ലറ്റ്, ബർഗർ, സലാമി, പോപ്കോൺ, മീറ്റ് ബോൾ തുടങ്ങിയവയാണ് ഇവിടെ ഉല്പാദിപ്പിക്കുന്നത്. പി.എസ്.സുപാൽ എം.എൽ.എ, എം.പി.ഐ ചെയർപേഴ്സൺ കമലാ സദാനന്ദൻ, ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജയൻ, എം.പി.ഐ. മാനേജിംഗ് ഡയറക്ടർ ഡോ.എ.എസ്. ബിജുലാൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നുവിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യാബിനു, വാർഡ് അംഗം അഞ്ജു തുടങ്ങിയവർ കഴിഞ്ഞ ദിവസം ഫാക്ടറി സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. അടുത്തമാസം രണ്ടാം വാരത്തോടെ ഫാക്ടറി പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് എം.എൽ.എ പറ‌ഞ്ഞു.