കരുനാഗപ്പള്ളി : മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോടതികൾ ദേശീയ പാത വികസനത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ജഡ്ജി എൻ.പി സ്നേഹലതയും സബ് ജഡ്ജ് കെ.എസ്.സുജിത്തും കരുനാഗപ്പള്ളി നഗരസഭാ കാര്യാലയം സന്ദർശിച്ചു. കോടതി സമുച്ചയം യാഥാർത്ഥ്യമാകുന്നതുവരെ കോടതികൾ താൽക്കാലികമായി മാറ്റി സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, നഗരസഭാ സെക്രട്ടറി എ.ഫൈസൽ, നഗരസഭാ കൗൺസിലർമാർ എന്നിവർ ജഡ്ജിമാരെ സ്വീകരിച്ചു.
മുനിസിപ്പൽ ടവറിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ നഗരസഭ കാര്യാലയം അവിടേക്ക് മാറുന്ന സാഹചര്യത്തിൽ നിലവിലുള്ള മുനിസിപ്പൽ ഓഫീസിലെ ഇരു നിലകളിൽ കോടതികൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം താത്ക്കാലികമായി ഒരുക്കാൻ കഴിയുമോ എന്ന കാര്യമാണ് ജഡ്ജിമാർ പരിശോധിച്ചത്. ടൗണിനോട് ചേർന്ന ചില സ്വകാര്യ കെട്ടിടങ്ങളും കോടതികൾക്കായി പരിഗണനയിലുണ്ട്. കോടതി സമുച്ഛയം നിർമിക്കുന്നതിനായി മുനിസിപ്പൽ ബസ്റ്റാൻഡിൽ ഏറ്റെടുത്ത സ്ഥലം വിട്ടു നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു. സ്ഥലം കൈമാറുന്നതിനായുള്ള നഗരസഭാ തീരുമാനം ജില്ലാ ജഡ്ജിക്കും ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജി എ .മുഹമ്മദ് മുസ്താക്കിനും നൽകിയിരുന്നു.