sn
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിലെ ഓടയുടെ മേൽമൂടി തകർന്ന നിലയിൽ

കൊല്ലം: ദിവസം നൂറ് കണക്കിനാളുകൾ സഞ്ചരിക്കുന്ന കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ ഓടയ്ക്ക് മുകളിലൂടെയുളള്ള നടപ്പാതയുടെ മൂടി തകർന്ന് വർഷങ്ങളായിട്ടും ഉദ്യോഗസ്ഥർക്ക് അനക്കമില്ല. ചിന്നക്കടയിലേക്കുള്ള ബസ് സ്റ്റാൻഡിന് എതിർവശമുള്ള ഓടയുടെ തകർന്ന മേൽമൂടികളാണ് കൽനടയാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്നത്.

അഞ്ചോളം മേൽമൂടികൾ പൊട്ടി​പ്പൊളി​ഞ്ഞ അവസ്ഥയി​ലാണ്. ചിലത് കമ്പി ദ്രവിച്ച് ഒടിഞ്ഞിരിക്കുന്നു. ഇതറിയാതെ കാൽവച്ചാൽ മൂടി തകർന്ന് ഓടയിൽ വീഴും. ഇതി​നോടകം പലരും വീണു കഴിഞ്ഞു. സമീപത്തെ ഹോട്ടലുകളിലെ അടക്കം മാലിന്യം ഈ ഓടയിലൂടെയാണ് ഒഴുകുന്നത്. കനത്ത മഴയായിട്ടും കാര്യമായ ഒഴുക്കില്ല. അസഹ്യമായ ദുർഗന്ധവുമാണ്. അതുകൊണ്ട് ഓടയിൽ വീണ് മാലിന്യത്തിൽ കുളിക്കുന്നവരെ സഹായിക്കാൻ പോലും പല ഘട്ടങ്ങളിലും ആരും തയ്യാറാകില്ല.

സമീപത്തെ കോളേജുകളിലെ വിദ്യാർത്ഥികൾക്ക് പുറമേ തൊട്ടടുത്തുള്ള സ്കൂളുകളിലെ ചെറിയ കുട്ടികൾ വരെ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. ഒടിഞ്ഞും തകർന്നുമിരിക്കുന്ന മേൽമൂടികൾ രാത്രികാലത്ത് വ്യക്തമായി കാണാൻ പോലും കഴിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധികൃതരും സമീപവാസികളും പലതവണ പരാതി നൽകിയിട്ടും ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നിലപാടിലാണ്.

 ഞങ്ങൾ എല്ലാം കാണുന്നുണ്ട്!

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയിലായതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാനാവി​ല്ലെന്ന നി​ലപാടി​ലാണ് കോർപ്പറേഷൻ. പുതിയ മേൽമൂടികൾ സ്ഥാപിക്കാൻ നിസാര തുകയേ ആവശ്യമുള്ളു. ഉദ്യോഗസ്ഥരുടെ ഉദാസീനതയ്ക്കെതിരെ വകുപ്പ് മന്ത്രിയെ നേരിൽ സമീപിക്കാനുള്ള തീരുമാനത്തിലാണ് സമീപവാസികൾ.

.......................

ഓടയുടെ മേൽമൂടി തകർന്നത് മൂലമുള്ള അപകടാവസ്ഥ പലതവണ ഉദ്യോഗസ്ഥരെ ബോദ്ധ്യപ്പെടുത്തി. ചിത്രങ്ങൾ അയച്ചുനൽകി. ഓട ഈ അവസ്ഥയിലായിട്ട് മൂന്ന് വർഷത്തിലേറെ പിന്നിടുന്നു. അടിയന്തിരമായി​ ചെയ്യേണ്ട ഇത്തരം കാര്യങ്ങൾ കണ്ടില്ലെന്ന് നടിച്ച് സർക്കാരിനെതിരെ ജനങ്ങൾ തിരിയട്ടെയെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ ചിന്തിക്കുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

വി. അഭിലാഷ് (സമീപവാസി)