പുനലൂർ: പുനലൂരിൽ പുതിയതായി അനുവദിച്ച കുടുംബ കോടതി ആരംഭിക്കാനുള്ള 21തസ്തികകൾക്ക് മന്ത്രിസഭാ യോഗം അനുമതി നൽകി. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പുനലൂർ കേന്ദ്രമാക്കി പുതിയ കുടുംബ കോടതി ആരംഭിക്കുന്നതിന് അനുവാദം നൽകിയത്. എന്നാൽ കോടതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകളുടെ കാര്യത്തിൽ തീരുമാനമായിരുന്നില്ല.
നിവേദനം നൽകി എം.എൽ.എ
പുതിയ കുടുംബ കോടിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ചെമ്മന്തൂരിൽ ഇപ്പോൾ പ്രവർത്തിച്ചു വരുന്ന കോർട്ട് കോംപ്ലക്സിൽ സ്ഥലം അനുവദിച്ചിരുന്നു. തുടർന്ന് കോടതി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ ഫർണിച്ചറുകളും മറ്റും ബാർ അസോസിയേഷൻ വാങ്ങി നൽകുകയും ചെയ്തു. എന്നാൽ കുടുംബ കോടതി പ്രവർത്തിപ്പിക്കാനാവശ്യമായ തസ്തികൾ അനുവദിക്കാതിരുന്നത് കണക്കിലെടുത്ത് സ്ഥലം എം.എൽ.എയായ പി.എസ്.സുപാൽ മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രി ഉൾപ്പെടെയുളളവർക്കും നിവേദനം നൽകുകയും ഈ വിഷയം നിയമ സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
കോർട്ട് കോംപ്ലക്സ് റെഡി
രണ്ട് വർഷം മുമ്പാണ് ചെമ്മന്തൂരിൽ മൂന്ന് നിലയിൽ പുതിയ കോർട്ട് കോംപ്ലക്സ് നിർമ്മിച്ചത്. തുടർന്ന് പട്ടണത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു വന്നിരുന്ന വനം, സബ്, എം.എ.സി.ടി, സിവിൽ, ഫസ്റ്റ് ക്ലാസ്,സെക്കൻഡ് ക്ലാസ് തുടങ്ങിയ 6 കോടതികൾ കോർട്ട് കോംപ്ലക്സിലേക്ക് മാറ്റി സ്ഥാപിച്ചത്. പിന്നീട് പോസ്കോ കോടതിയും പുനലൂരിൽ അനുവദിച്ചു പ്രവർത്തം നടന്നു വരുന്നതിനിടെയാണ് കുടുംബ കോടതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കാൻ 21തസ്തികകൾ സർക്കാർ അനുവദിച്ചത്.
കുടുംബകോടതിയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
പി.എസ്.സുപാൽ
എം.എൽ.എ