chandi

മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് രണ്ടുവർഷത്തിനകം

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യത്തിൽ നിന്ന് ഊർജം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് (വേസ്റ്റ് ടു എനർജി) രണ്ട് വർഷത്തിനകം യാഥാർത്ഥ്യമാകും. ബയോമൈനിംഗ് പൂർത്തിയായാൽ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ബംഗളുരു ആസ്ഥാനമായുള്ള സോണ്ട ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.

പതിറ്റാണ്ടുകളായി കുരീപ്പുഴയിൽ കെട്ടിക്കിടക്കുന്ന മാലിന്യമാണ് ഊർജമായി രൂപാന്തരം പ്രാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള ഏജൻസികളുടെ അനുമതി ലഭിച്ചു. ഇനി ഫയർ ആൻഡ് സേഫ്ടി ലൈസൻസ് കൂടി കിട്ടണം. കോർപ്പറേഷന്റെ ഉടമസ്ഥതയിൽ, ചണ്ടി ഡിപ്പോ വളപ്പിലെ 7.5 ഏക്കർ ഭൂമി നിർവഹണ ഏജൻസിയായ കെ.എസ്.ഐ.ഡി.സിക്ക് നേരത്തെ കൈമാറിയിരുന്നു. ജൂലായിൽ ബയോമൈനിംഗ് പൂർത്തിയാക്കി പ്ലാന്റ് സ്ഥാപിക്കാനുള്ള സൗകര്യമൊരുങ്ങുമെന്നാണ് കണക്കുകൂട്ടൽ.

ജൈവ മാലിന്യം സംസ്കരിച്ച് പാചകത്തിനും വാഹനങ്ങളിൽ ഇന്ധനമായും ഉപയോഗിക്കാവുന്ന കംപ്രസ്ഡ് ബയോഗ്യാസും ഉപോത്പന്നമായി വളവും നിർമ്മിക്കുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്. വാതകം ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കൈമാറാനാണ് ആലോചന. ഇതിലൂടെ ലഭിക്കുന്ന പണം കമ്പനിക്ക് അവകാശപ്പെട്ടതാണ്.


# എട്ടിടങ്ങളിൽ ആശ്വാസം

കൊല്ലം കോർപ്പറേഷന് പുറമേ പരവൂർ, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ മുനിസിപ്പാലിറ്റികളിലെയും കോർപ്പറേഷൻ അതിർത്തിയിലുള്ള മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെയും മാലിന്യം പ്ലാന്റിൽ സംസ്കരിക്കും. തദ്ദേശ സ്ഥാപനങ്ങൾ സ്വന്തം ചെലവിൽ ശേഖരിക്കുന്ന മാലിന്യം കമ്പനി സ്ഥാപിക്കുന്ന ബിന്നിൽ നിക്ഷേപിക്കണം. ഇവിടെ കമ്പനിയുടെ വാഹനമെത്തി മാലിന്യം ഏറ്റെടുത്ത് പ്ലാന്റിലെത്തിക്കും.

# 25 വർഷത്തെ കരാർ

ഒരു ടൺ മാലിന്യം സംസ്കരിക്കാൻ സർക്കാർ 3450 രൂപ കമ്പനിക്ക് നൽകുമെന്നാണ് കരാർ. 25 വർഷത്തേക്കാണ് കമ്പനിയും സർക്കാരും തമ്മിലുള്ള കരാർ

........................................

 200 ടൺ: പ്രതിദിനം സംസ്കരിക്കുന്ന മാലിന്യം

 ₹ 120 കോടി: പദ്ധതി നിർവഹണ ചെലവ്