t
മുതിരപ്പറമ്പിലെ ജലസംഭരണി

കിഴക്കേക്കല്ലട: വന്നുവന്ന് കിഴക്കേക്കല്ലട ഗ്രാമപഞ്ചായത്തിലെ താഴം വാർഡ് നിവാസികൾക്ക് കുടിവെള്ളക്ഷാമം ഒരു പുത്തരിയില്ല. സ്ഥിരമായി അനുഭവിച്ച് ശീലമായി മാറിയ ഈ ദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ വേണ്ടത്ര ഗൗരവം കാട്ടുന്നില്ലെന്നാണ് നാടിന്റെ പരാതി.

കല്ലടയാറിന്റെ തീരമേഖലയും താഴ്ന്ന പ്രദേശവുമായ ഇവിടെ മഴക്കാലത്ത് കി​ണറുകളി​ൽ നി​ന്ന് ചെളികലർന്ന് കലങ്ങിയ വെള്ളവും വേനൽക്കാലത്ത് ഓരു കലർന്ന വെള്ളവുമാണ് ലഭിക്കുന്നത്. അതുകൊണ്ട് ശുദ്ധജലമെന്നത് ഇവരുടെ സ്വപ്നമായി അവശേഷിക്കുകയാണ്. ചില വ്യക്തികളുടെ നേതൃത്വത്തിൽ വണ്ടികളിൽ കൊണ്ടുവരുന്ന കുടിവെള്ളം വില കൊടുത്തു വാങ്ങുകയോ വള്ളങ്ങളിൽ ആറിന്റെ മറുകരയാായ പടിഞ്ഞാറേക്കല്ലടയിലെത്തി കൊണ്ടുവരികയോ വേണം. ഇതിനു കഴിയാത്തവർ അത്യാവശ കാര്യങ്ങൾക്ക് വെള്ളം അരിച്ചെടുത്താണ് ഉപയോഗിക്കുന്നത്. വാട്ടർ അതോറിട്ടിയുടെ കുണ്ടറ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇവിടുണ്ടങ്കിലും വെള്ളം ലഭിക്കുന്നില്ലെന്നു മാത്രം.

കുടിവെള്ള പ്രശ്നത്തിനു പരിഹാരമായി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ. വിജയന്റെ ശ്രമഫലമായി മുതിരപ്പമ്പിൽ ഫിഷറീസ് വകുപ്പ് നിർമ്മിച്ചതും പ്രവർത്തിപ്പിക്കാൻ കഴിയാതെ പോയതുമായ വാട്ടർ ടാങ്ക് ഉപയോഗപ്പെടുത്താൻ ഗ്രാമ പഞ്ചായത്ത് ഫണ്ടിൽ നിന്നു 8 ലക്ഷം രൂപ അനുവദിച്ചിരുന്നു. വാട്ടർ അതോറിട്ടി ഇടിയക്കടവിൽ പുതിയ കുഴൽ കിണറും പമ്പ് ഹൗസും നിർമ്മിച്ചെങ്കിലും ഫലമുണ്ടായില്ല.

 പണി പാളിയ വഴി

വാട്ടർ ടാങ്കും പമ്പ് ഹൗസും തമ്മിൽ ഒരു കിലോമീറ്ററിലധികം ദൂരമുണ്ട്. ഇത്രയും ദൂരം പൈപ്പ് ലൈൻ സ്ഥാപിക്കണം. ഇതിനായി കോവൂർ കുഞ്ഞുമോൻ എം.എൽ.യുടെ ഫണ്ടിൽ നിന്നു 25 ലക്ഷം രൂപ അനുവദിപ്പിച്ച് ടെണ്ടർ നൽകിയെങ്കിലും ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇനി ഇത് നടപ്പാക്കണമെങ്കിൽ അധിക തുക വകയിരുത്തി റീ ടെണ്ടർ നൽകണം. അതിനുള്ള തുക എം.എൽ.എ.ഫണ്ടിൽ നിന്നോ ഗ്രാമ പഞ്ചായത്തിൽ നിന്നോ അനുവദിക്കണം. ഏത് വിധേനയും പദ്ധതി പ്രാവർത്തികമാക്കി കുടിവെള്ളമെത്തിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

മൂഴിയിൽ കലുങ്കുമുതൽ കടപുഴ പാലം വരെയുള്ള കല്ലടയാറിന്റെ തീരപ്രദേശത്ത് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്ന പദ്ധതിയാണ്. ഇടിയക്കടവിലെ കുഴൽകിണറിൽ നിന്ന് വെള്ളം മുതിരപ്പറമ്പ് ടാങ്കിലെത്തിച്ച് വിതരണം നടത്തുന്നത് എത്രയും വേഗം നടപ്പാക്കാൻ ഗ്രാമ പഞ്ചായത്ത് ഊർജ്ജിത ശ്രമം നടത്തണം

എസ്.സുവർണ കുമാർ, 701-ാം നമ്പർ താഴത്തു മുറി ശാഖാ സെക്രട്ടറി