എഴുകോൺ: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമം ശക്തമായി ഇടപെടുമെന്ന് വനിതാകമ്മിഷൻ അംഗം ഷാഹിദ കമൽ പറഞ്ഞു. കടയ്ക്കോട്ടെ വീട്ടിൽ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തിയ ഷാഹിദ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. സുവ്യയുടെ അമ്മ അമ്പിളി പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഷാഹിദയോട് മകൾ അനുഭവിച്ച പീഡനങ്ങൾ വിവരിച്ചത്. ആശ്വസിപ്പിക്കുന്നതിനിടെ ഷാഹിദയുടെ കണ്ണുകളും ഈറനണിഞ്ഞു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, കരീപ്ര ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് അബ്ദുൾ റഹുമാൻ, അംഗങ്ങളായ സി.ജി. തിലകൻ, ടി.എസ്.ഓമനക്കുട്ടൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.