
കൊല്ലം: അഞ്ച് വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ അറുപതുകാരനെ അഞ്ചുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. ആദിച്ചനല്ലൂർ വെൺമണിച്ചിറ കോളനി ചരുവിള പുത്തൻവീട്ടിൽ മണിയെയാണ് (60) കൊല്ലം ഫസ്റ്റ് അഡീഷണൽ സെഷൻ കോടതി (പോക്‌സോ സ്‌പെഷ്യൽ കോടതി) ജഡ്ജ് കെ.എൻ. സുജിത്ത് ശിക്ഷിച്ചത്.
2017 മേയ് 7ന് പകൽ മിഠായി വാങ്ങി മടങ്ങുന്ന അഞ്ച് വയസുകാരിയോട് പ്രതി ലൈംഗിക അതിക്രമം നടത്തിയെന്നതാണ് പ്രോസിക്യൂഷൻ കേസ്. കൊട്ടിയം സബ് ഇൻസ്‌പെക്ടറും ഇപ്പോൾ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടറുമായ ആർ. രതീഷാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്‌ളിക് പ്രോസിക്യൂട്ടർ അഡ്വ. സോജ തുളസീധരൻ, ഗവ. പ്ലീഡർ അഡ്വ. സിസിൻ.ജി. മുണ്ടയ്ക്കൽ എന്നിവർ ഹാജരായി.