കൊല്ലം: ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിന് ഒരാഴ്ചയ്ക്കുള്ളിൽ റൂറൽ ജില്ലയിൽ മൂന്നാമത്തെ പൊലീസുകാരനും സസ്പെൻഷൻ. കൊട്ടാരക്കര സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ രഞ്ജിത്ത് കുമാറിനെയാണ് ഇന്നലെ റൂറൽ എസ്.പി കെ.ബി.രവി സസ്പെൻഡ് ചെയ്തത്.

കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ അന്വേഷണ റിപ്പോർട്ടിൻമേലാണ് നടപടി. ചൊവ്വാഴ്ച മദ്യ ലഹരിയിലാണ് ഇദ്ദേഹം സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്തതെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് പുനലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ജിബിൻ ഹമീദിനെ ഡ്യൂട്ടി സമയത്ത് റസ്റ്റ് റൂമിൽ മദ്യലഹരിയിൽ കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതിനും രണ്ട് ദിവസം മുമ്പാണ് ചടയമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.വിജുവിനെയും സമാന സംഭവത്തിൽ സസ്പെൻഡ് ചെയ്തത്.

നൈറ്റ് പട്രോളിംഗിനിടെ ഹൈവെ പട്രോളിംഗ് വാഹനത്തിൽ വിജുവിനെ മദ്യ ലഹരിയിൽ കണ്ടെത്തുകയായിരുന്നു. മുമ്പും റൂറൽ ജില്ലയിൽ ഡ്യൂട്ടി സമയത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ മദ്യപാനം വിവാദങ്ങൾക്കിടയാക്കിയിരുന്നു. കർശന പരിശോധന നടത്താനാണ് എസ്.പിയുടെ നിർദേശം.