kunjukrishna-pillai-70

ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് തെക്കേവിള വീട്ടിൽ ജി. കുഞ്ഞുകൃഷ്ണപിള്ള (70) നിര്യാതനായി. 1982 മുതൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന ഏകോപന സമിതിയംഗമായിരുന്നു. 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മഞ്ചേരി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ചു. 1991 വരെ എൽ.ഡി.എഫ് സംസ്ഥാന സമിതിയംഗമായിരുന്നപ്പോൾ ലോക്ദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
തുടർന്ന് അർജുൻ സിംഗിന്റെ നേതൃത്വത്തിൽ ഓൾ ഇന്ത്യ ഇന്ദിരാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പാർട്ടി കോൺഗ്രസിൽ ലയിച്ചപ്പോൾ കോൺഗ്രസിലും കെ. കരുണാകരൻ കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. ഡി.ഐ.സി എൻ.സി.പിയിൽ ലയിച്ചപ്പോൾ കെ. മുരളീധരനോടൊപ്പം നേതൃനിരയിൽ പ്രവർത്തിച്ചു. കെ. മുരളീധരൻ കോൺഗ്രസിൽ ചേർന്നപ്പോൾ കെ. കരുണാകരൻ അനുസ്മരണ സമിതിയുടെ നേതൃത്വം നൽകി.
പ്ലാക്കാട് ഇണ്ടിളയപ്പവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, പ്ലാക്കാട് തെക്കേ ഉരണ്ടയ്ക്കൽ ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സെക്യൂരിറ്റി സ്റ്റാഫ് അസോസിയേഷൻ, ട്രിവാൻഡ്രം ടൈറ്റാനിയം എംപ്ലോയീസ് അസോസിയേഷൻ, വിജയ മോഹിനി എംപ്ലോയീസ് അസോസിയേഷൻ തുടങ്ങി ചെറുതും വലുതുമായി നിരവധി തൊഴിലാളി യൂണിയനുകളുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. അടുത്തിടെ ബി.ജെ.പിയിലും തുടർന്ന് എൻ.സി.പിയിലും ചേർന്ന് പ്രവർത്തിക്കുകയായിരുന്നു.
ഭാര്യ: പി.എസ്. ഗിരിജാദേവി (റിട്ട. മിലിട്ടറി നഴ്സ്, റിട്ട. സ്റ്റാഫ് നഴ്സ്, ആരോഗ്യവകുപ്പ്.) മക്കൾ: സുനന്ദ്.കെ.പിള്ള, പൗർണമി.കെ.പിള്ള. മരുമക്കൾ: എസ്.സുഭാഷ്, മീരാസുനന്ദ്.